By Shyma Mohan.16 Mar, 2018
ബെര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സീഡ് താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ബെര്‍മിംഗ്ഹാമില്‍ ഇന്ന് നടന്ന ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലാണ് വനിതകളുടെ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഒക്കുഹാരയെ തോല്പിച്ച് സിന്ധു സെമിയില്‍ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ 24 മിനിറ്റ് നീണ്ട വാശിയേറിയ മത്സരത്തിലാണ് ഒക്കുഹാരയെ ഇന്ത്യയുടെ അഭിമാന താരം കീഴ്പ്പെടുത്തിയത്. സ്കോര്‍: 20-22, 21-18, 21-18. രണ്ടാം സീഡ് താരം ജപ്പാന്റെ അകാനെ യെമഗുചിയും അഞ്ചാം സീഡ് താരം സ്പെയിനിന്റെ കരോലിന മരീനും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയിയെ സെമിയില്‍ ലോക മൂന്നാം സീഡായ സിന്ധു നേരിടും. തായ്ലാന്റ് താരം നിച്ചോണ്‍ ജിന്‍ഡാപോളിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.