34 വര്‍ഷത്തിനിടെ ഏകദിന റാങ്കിംഗില്‍ താഴേക്ക് പതിച്ച് കംഗാരുപ്പട

By Shyma Mohan.18 Jun, 2018

imran-azhar


    മുംബൈ: ഐസിസി ലോകകപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ കഴിഞ്ഞ 34 വര്‍ഷത്തെ ഏകദിന മത്സര റാങ്കിംഗില്‍ പിന്നോട്ടു കുതിച്ച് ഓസ്‌ട്രേലിയ. ന്യൂസിലാന്റിനും പാകിസ്ഥാനും പുറകില്‍ ആറാം സ്ഥാനത്താണ് കംഗാരുക്കളുടെ സ്ഥാനം. 124 പോയിന്റുകളുമായി ഇംഗ്ലണ്ടാണ് റാങ്കിംഗില്‍ ഒന്നാമത്. 122 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 113 പോയിന്റോടെ സൗത്ത് ആഫ്രിക്ക മൂന്നാം സ്ഥാനത്തും എത്തി. ഇംഗ്ലണ്ട്, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ്, പാകിസ്ഥാന്‍ എന്നീ ടീമുകളുടെ പിന്നാലെയാണ് ഏകദിനത്തില്‍ ഏറെ കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്ന ഓസീസിന്റെ ഇപ്പോഴത്തെ സ്ഥാനം. 2017ല്‍ ഹോം ഗ്രൗണ്ടില്‍ പാകിസ്ഥാനെ തോല്‍പിച്ച് പരമ്പര നേടിയ ശേഷം കളിച്ച 15 ഏകദിനങ്ങളില്‍ 13ലും ഓസീസ് പടയ്ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. ന്യൂസിലാന്റ്, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ പരമ്പര തോല്‍വിയും ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങളിലെ തോല്‍വിയുമായതോടെയാണ് റാങ്കിംഗില്‍ 1984നുശേഷം ഇതാദ്യമായി ഓസീസ് പട താഴേക്ക് പോയിരിക്കുന്നത്. ന്യൂസിലാന്റിന് 112 പോയിന്റും പാകിസ്ഥാനും ഓസ്‌ട്രേലിയക്കും 102 പോയിന്റ് വീതവുമാണുള്ളത്. 93 പോയിന്റോടെ ബംഗ്ലാദേശ് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് മുന്നിലെത്തി. ശ്രീലങ്കക്ക് 77 പോയിന്റും വെസ്റ്റിന്‍ഡീസിന് 69 പോയിന്റുമാണുള്ളത്.