കോഹ്‌ലിയുടെ പരാതി ഏറ്റു: ബി.സി.സി.ഐ ക്രിക്കറ്റ് കലണ്ടര്‍ ചുരുക്കി

By Shyma Mohan.11 Dec, 2017

imran-azhar


    മുംബൈ: അമിത ജോലി ഭാരമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.സി.സി.ഐ ക്രിക്കറ്റ് കലണ്ടര്‍ ചുരുക്കി. ബി.സി.സി.ഐ പ്രത്യേക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ടീം ഇന്ത്യയുടെ ക്രിക്കറ്റിംഗ് കലണ്ടര്‍ 306 ദിവസമായി കുറയ്ക്കാന്‍ തീരുമാനമെടുത്തു. നേരത്തേ ഇത് 390 ദിവസമായിരുന്നു. കലണ്ടര്‍ ചുരുക്കിയതിനു പുറമെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്കു നീക്കുകയും ചെയ്തു. പുതിയ കലണ്ടര്‍ പ്രകാരം 2021 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും 2023 ലോകകപ്പും ഉള്‍പ്പെടില്ല. ഇതും കൂടി കണക്കിലെടുത്താല്‍ ടീം ഇന്ത്യയുടെ കളി ദിനങ്ങള്‍ 350 കടക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തയാറെടുക്കാന്‍ മതിയായ സമയമില്ലെന്നു വിരാട് കോഹ്‌ലി പരാതിപ്പെട്ട സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ തീരുമാനം. ഐ.പി. എല്‍ മുതല്‍ നിര്‍ത്തില്ലാതെ ക്രിക്കറ്റ് കളിച്ചു വരികയാണ് ഇന്ത്യന്‍ താരങ്ങള്‍. ഇതിനു പിന്നാലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക പര്യടനങ്ങള്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ നാട്ടില്‍ പരമ്പരകള്‍ എന്നിവയിലായി മൂന്നു ടെസ്റ്റുകളും 11 ഏകദിനങ്ങളും 9 ട്വന്റി 20 മത്സരങ്ങളുമുള്‍പ്പെടെ ആകെ 23 കളികള്‍. ഇക്കഴിഞ്ഞ ഏറ്റവും നീണ്ട ആഭ്യന്തര സീസണില്‍ ടീം ഇന്ത്യ കൂടുതലും ടെസ്റ്റുകളാണു കളിച്ചത്.

OTHER SECTIONS