ആവേശോജ്വലമായ ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിന് അണ്ടർ 19 ലോകകപ്പ് കിരീടം

By Sooraj Surendran .09 02 2020

imran-azhar

 

 

പൊച്ചഫ്ട്രൂം: അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ 3 വിക്കറ്റുകൾക്കാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 178 റൺസ് എന്ന ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വളരെ പ്രയാസപ്പെട്ടാണ് ജയം സ്വന്തമാക്കിയത്. മഴ കളി മുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശ് വിജയകിരീടം ചൂടിയത്. പർവേസ് ഹൊസൈൻ (79 പന്തിൽ 47), അക്ബർ അലി (77 പന്തിൽ 43) എന്നിവരുടെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് ബംഗ്ലാദേശിന് തുണയായത്. ബൗളിങ്ങിൽ ഇന്ത്യക്കായി 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ബിഷ്‌ണോയ് നാല് വിക്കറ്റുകളും, സുശാന്ത് മിശ്ര 2 വിക്കറ്റുകളും വീഴ്ത്തിയെങ്കിലും ഫലമുണ്ടായില്ല.

 

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്താകുകയായിരുന്നു. 121 പന്തിൽ 8 ബൗണ്ടറിയും 1 സിക്സറുമടക്കം 88 റൺസ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ 177 റൺസിൽ എത്തിച്ചത്. 65 പന്തില്‍ 38 റണ്‍സ് നേടിയ തിലക് വര്‍മ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.ബൗളിങ്ങിൽ ബംഗ്ലാദേശിനായി അവിഷേക് ദാസ് 3 വിക്കറ്റും, ഷോറിഫുൾ ഇസ്ലാം, തൻസിം ഹസൻ ഷാകിബ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS