ജസ്പ്രിത് ബുമ്രയെ അഭിനന്ദിച്ച് ബ്രയാൻ ലാറ

By santhisenanhs.03 07 2022

imran-azhar

 

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിൽ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ ബുമ്ര പുറത്തെടുത്തത്. കേവലം 16 പന്തിൽ നിന്ന് 31 റൺസാണ് താരം അടിച്ചെടുത്തത്. ഇതിൽ 29 റൺസും സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ. രണ്ട് സിക്‌സും നാല് ഫോറുമാണ് ബ്രോഡിനെതിരെ നേടിയത്.

 

ആറ് റൺസ് എക്‌സ്ട്രായിനത്തിലും വന്നപ്പോൾ ഒരോവറിൽ മാത്രം 35 റൺസ് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരവും ബുമ്രയായി. ഇതിഹാസതാരം ബ്രയാൻ ലാറ ഉൾപ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. ലാറ മുൻ ദക്ഷിണാഫ്രിക്കൻ താരം റോബിൻ പീറ്റേഴ്‌സണിന്റെ ഒരോവറിൽ 28 റൺസ് നേടിയിരുന്നു. ജോർജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിവരും ഒരോവറിൽ 28 നേടിയിട്ടുണ്ട്. ഇവരെയെല്ലാം മറികടക്കാൻ ബുമ്രയ്ക്കായി.

 

ബുമ്ര ലോക റെക്കോർഡ് സ്വന്തമാക്കിയതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അതിൽ ലാറയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജസ്പ്രിത് ബുമ്രയ്ക്ക് അഭിനന്ദനങ്ങൾ. ലാറ കുറിച്ചിട്ടു. നന്നായി കുറിച്ചിട്ടുവെന്നും ലാറ ട്വീറ്റിൽ പറയുന്നു.

 

എന്നാൽ മറ്റൊരു ട്വീറ്റാണ് ഏറെ ചർച്ചയായത്. റോബിൻ പീറ്റേഴ്‌സണിന്റെ കമന്റായിരുന്നു അത്. സ്വന്തം റെക്കോർഡ് തകർന്നതിൽ സങ്കടമുണ്ടെന്ന് ചിരിയോടെ രസകരമായ രീതിയിൽ പീറ്റേഴ്‌സൻ ട്വീറ്റിട്ടു. അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ. എന്റെ റെക്കോർഡ് നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്. എന്നാൽ റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണല്ലൊ, അടുത്ത റെക്കോർഡുണ്ടാവട്ടെ. പീറ്റേഴ്സൻ ട്വിറ്ററിൽ കുറിച്ചു.

 

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ബാറ്റിംഗിലും ബൗളിംഗിലും തകർപ്പൻ പ്രകടനമാണ് ബുമ്ര പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോൾ 16 പന്തിൽ 31 റൺസുമായി ബുമ്ര പുറത്താവാതെ നിന്നു. സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 29 റൺസാണ് ബുമ്ര അടിച്ചെടുത്തത്. എക്‌സ്ട്രാ ഉൾപ്പെടെ 35 റൺസ് ഇന്ത്യക്ക് ആ ഓവറിൽ മാത്രം ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 400 കടത്താനും ഈ പ്രകടനം സഹായിച്ചു.

 

പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റൻ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുൻനിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെിരെ ഇംഗ്ലണ്ട് തകർച്ച നേരിടുകയാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോൾ അഞ്ചിന് 84 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ശേഷിക്കുന്ന വിക്കറ്റുകൾ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി.

OTHER SECTIONS