പാകിസ്ഥാനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

By Shyma Mohan.18 Jun, 2017

imran-azhar


    ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 180 റണ്‍സിന്റെ നാണം കെട്ട തോല്‍വി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ടായി. 43 പന്തില്‍ 76 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റെടുത്ത മുഹമ്മദ് ആമീറാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ആദ്യ സ്‌പെല്ലില്‍ മുഹമ്മദ് ആമീര്‍ വീഴ്ത്തിയ മൂന്ന് വിക്കറ്റകളാണ് കളിയുടെ ഗതി നിര്‍ണ്ണയിച്ചത്. 15 ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലെത്തി. പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന 80 റണ്‍സാണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ശിഖര്‍ ധവാന്‍ 21 റണ്‍സും യുവ് രാജ് സിംഗ് 22 റണ്‍സും രവീന്ദ്ര ജഡേജ 15 റണ്‍സും നേടി. പാകിസ്ഥാനു വേണ്ടി മുഹമ്മദ് ആമീറും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതവും ഷദാബ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
    നേരത്തെ ടോസിന്റെ ആനുകൂല്യം കളഞ്ഞുകുളിച്ച ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. പാകിസ്ഥാനുവേണ്ടി ഓപ്പണര്‍മാരായ അസര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് നല്‍കിയത്. പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. അസര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന കൂട്ടുകെട്ട് 128ല്‍ നില്‍ക്കേയാണ് 59 റണ്‍സെടുത്ത അസര്‍ അലിയെ ബുംറയും ധോണിയും ചേര്‍ന്ന് റണ്ണൗട്ടാക്കിയത്. മൂന്നാമതായി ഇറങ്ങിയ ബാബര്‍ അസമും ചേര്‍ന്ന് ഫഖര്‍ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. 33 ഓവറുകളില്‍ പാകിസ്ഥാന്‍ സ്‌കോര്‍ 200 എത്തിയപ്പോഴായിരുന്നു സെഞ്ചുറിയെടുത്ത ഫഖര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ പുറത്തായത്. നിര്‍ണ്ണായക മത്സരത്തില്‍ തന്റെ കന്നിസെഞ്ചുറി എടുത്തുകൊണ്ടായിരുന്നു ഫഖര്‍ പാക് സ്‌കോര്‍ ഉയര്‍ത്തിയത്. 106 പന്തില്‍ 3 സിക്‌സറുകളും 12 ബൗണ്ടറികളും അടക്കം 114 റണ്‍സായിരുന്നു ഫഖര്‍ നേടിയത്. ഫഖറിന്റെ പുറത്താകലിനുശേഷം ഇറങ്ങിയ ഷൊയബ് മാലിക്കിന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ കഴിയാതെ പോയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനം നടത്തിയ മത്സരത്തില്‍ മുഹമ്മദ് ഹഫീസ് അര്‍ദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 37 പന്തില്‍ 3 സിക്‌സറുകളും 4 ബൗണ്ടറികളും അടക്കം 57 റണ്‍സെടുത്ത ഹഫീസും 21 പന്തില്‍ 25 റണ്‍സെടുത്ത ഇമാദ് വസീമും പുറത്താകാതെ നിന്നു.

OTHER SECTIONS