ലോക ക്രിക്കറ്റിലെ ജനപ്രിയ മുഖം അമ്പയര്‍ റൂഡി കോയാര്‍ട്‌സന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

By Shyma Mohan.09 08 2022

imran-azhar

 


ജൊഹനാസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ ജനപ്രിയ മുഖങ്ങളില്‍ ഒന്നായ ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍ റൂഡി കോയാര്‍ട്‌സന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ റിവര്‍സ്‌ഡെയ്ല്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.

 

നെല്‍സണ്‍ മണ്ടേല ബേയിലെ ഡെസ്പാച്ചില്‍ താമസിക്കുന്ന 73കാരനായ കോയാര്‍ട്‌സന്‍ വാരന്ത്യ ഗോള്‍ഫ് ടൂര്‍ണ്ണമെന്റിനുശേഷം കേപ്ടൗണിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മരണം സംബന്ധിച്ച് റൂഡി കോയാര്‍ട്‌സന്റെ മകന്‍ റൂഡി കോയാര്‍ട്‌സന്‍ ജൂനിയര്‍ സ്ഥിരീകരണം നടത്തി.

 

ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച റൂഡി ദക്ഷിണാഫ്രിക്കയില്‍ റെയില്‍വേയില്‍ ഗുമസ്തനായി ജോലി ചെയ്യുന്നതിനിടയില്‍ ലീഗ് ക്രിക്കറ്റ് കളിച്ചു. 1981ല്‍ അദ്ദേഹം അമ്പയറായി. പതിനൊന്നു വര്‍ഷത്തിനുശേഷം പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട മത്സരത്തില്‍ അമ്പയറായി അരങ്ങേറ്റം കുറിച്ചു.

 

209 ഏകദിന മത്സരങ്ങളിലും 14 ട്വിന്റി20കളിലും അമ്പയറായി നിലയുറപ്പിച്ച് കൃത്യതയാര്‍ന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 331 മത്സരങ്ങളാണ് അദ്ദേഹം നിയന്ത്രിച്ചത്. ടെസ്റ്റ് മത്സരങ്ങളില്‍ 2010ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലായിരുന്നു അവസാനം അമ്പയറായിരുന്നത്.

OTHER SECTIONS