ധവാന്റെ സെഞ്ചുറിയില്‍ ലങ്കാദഹനം: ഇന്ത്യക്ക് പരമ്പര; തുടര്‍ച്ചയായ 8ാം പരമ്പര വിജയം

By Shyma Mohan.17 Dec, 2017

imran-azhar


   വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ അത്യുജ്വല വിജയം. മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. ലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 32.1 ഓവറില്‍ ഇന്ത്യ മറികടന്നു. 107 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ ആധികാരിക ജയം നേടിയത്. ശിഖര്‍ ധവാന്‍ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നത്. 63 പന്തില്‍ 65 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ ധവാന് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ സ്‌കോര്‍ 14ല്‍ നില്‍ക്കേ കഴിഞ്ഞ മത്സരത്തിലെ ഡബിള്‍ സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ലങ്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. സ്‌കോര്‍ 149ല്‍ അയ്യരുടെ രൂപത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായെങ്കിലും ദിനേഷ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന് ധവാന്‍ ലക്ഷ്യത്തിലെത്തിച്ചു. കാര്‍ത്തിക് 31 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 85 പന്തില്‍ 13 ബൗണ്ടറികളും 2 സിക്‌സറുകളും അടക്കം ധവാന്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
    നേരത്തെ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചെങ്കിലും തുടക്കത്തില്‍ 22 ഓവറില്‍ ഒരു വിക്കറ്റ് എന്ന നിലയില്‍ 135 റണ്‍സ് നേടി ഇന്ത്യയെ ലങ്ക വിറപ്പിച്ചു. എന്നാല്‍ ലങ്കയുടെ മധ്യ നിര ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഒന്നിന് 135 റണ്‍സ് എന്ന നിലയില്‍ നിന്ന് ലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി ഉപുല്‍ തരംഗ നേടിയ 95 റണ്‍സും സമരവിക്രമ നേടിയ 42 റണ്‍സിന്റെ ഇന്നിംഗ്‌സും മാത്രമാണ് ലങ്കക്ക് തുണയായത്. ഉപുല്‍ തരംഗയും സമരവിക്രമയും ചേര്‍ന്ന സെഞ്ചുറി കൂട്ടുകെട്ട് യുസ്‌വേന്ദ്ര ചാഹല്‍ തകര്‍ത്തതോടെയാണ് ലങ്കയുടെ പതനം ആരംഭിച്ചത്. 55 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ അവസാന ഏഴു വിക്കറ്റുകളാണ് വീണത്. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും എറിഞ്ഞ പന്തുകള്‍ നേരിട്ട ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ മുട്ടുവിറച്ചു. കുല്‍ദീപ് യാദവും ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ബുംറ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS