ഏകദിനത്തില്‍ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍: 50 ഓവറില്‍ 6ന് 481 റണ്‍സ്

By Shyma Mohan.20 Jun, 2018

imran-azhar


    ട്രെന്റ് ബ്രിഡ്ജ്: ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് സ്‌കോര്‍ മറികടന്ന് ഇംഗ്ലണ്ട് ചരിത്രം സൃഷ്ടിച്ചു. ഏകദിന കരിയറിലെ ഏറ്റവും താഴ്ചകളിലൂടെ നീങ്ങുന്ന ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരായാണ് പരമ്പരാഗത വൈരികള്‍ ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്. 2016ല്‍ പാകിസ്ഥാനെതിരെ നേടിയ 3 വിക്കറ്റിന് 444 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇന്ന് പഴങ്കഥയാക്കി മാറ്റിയത്. 92 പന്തില്‍ 139 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയും 92 പന്തില്‍ 147 റണ്‍സ് നേടിയ അലക്‌സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് ചരിത്ര നേട്ടം സമ്മാനിച്ചത്. റോയ് 61 പന്തില്‍ 82 റണ്‍സും ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 30 പന്തില്‍ 67 റണ്‍സ് നേടിയും ഇരുവര്‍ക്കും ഉജ്വല പിന്തുണ നല്‍കി. 5 സിക്‌സറുകളുടെയും 15 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ബെയര്‍സ്‌റ്റോയുടെ ബാറ്റിംഗ്. 5 സിക്‌സറുകളും 16 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു അലക്‌സ് ഹെയ്ല്‍സിന്റെ ഇന്നിംഗ്‌സ്. കംഗാരുപ്പടയെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച വെച്ചത്.