അവസാന നിമിഷം കോച്ചിനെ പുറത്താക്കി സ്‌പെയിന്‍: ഫെര്‍ണാണ്ടോ ഹിയറോ നയിക്കും; റയല്‍ കോച്ചായത് പ്രകോപനം

By Shyma Mohan.13 Jun, 2018

imran-azhar


    മോസ്‌കോ: ലോകകപ്പില്‍ പന്തുരുളുന്നതിന്റെ തലേന്ന് മുഖ്യ പരിശീലകന്‍ ഹുലന്‍ ലൊപെടെഗിയെ പുറത്താക്കി ആരാധകരെയും ഫുട്‌ബോള്‍ ലോകത്തെ തന്നെയും ഞെട്ടിച്ച് സ്‌പെയിന്‍. സ്‌പെയിന്‍ ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം വഹിക്കുന്നതിനിടെ റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലകനായി കരാറിലേര്‍പ്പെട്ടതാണു സ്പാനിഷ് ഫുടുബോള്‍ ഫെഡറേഷനെ പ്രകോപിപ്പിച്ചത്. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സത്തില്‍ പോര്‍ച്ചുഗലിനെതിരായ നിര്‍ണായക പോരാട്ടത്തിന് 48 മണിക്കൂര്‍ മുമ്പാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ കടുത്ത നടപടി. ലൊപെടെഗിക്കു പകരം ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ ഫെര്‍ണാന്തോ ഹിയെറോ സീനിയര്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റു. സിനദിന്‍ സിദാന്റെ പിന്‍ഗാമിയാകാനുള്ള പ്രലോഭനത്തില്‍ വീണ് കഴിഞ്ഞ മെയ് 22-നാണ് ലൊപെടെഗി റയല്‍ മാഡ്രിഡുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പു വച്ചത്. ലൊപെടെഗിയുടെ ഈ നടപടി റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെസിനെ വല്ലാതെ ചൊടിപ്പിച്ചു. ആകെ രോഷാകുലനും നിരാശനുമായ റുബിയാലെസ് ദേശീയ ടീമിന്റെ പരിശീലകനെ ലോകകപ്പ് തലേന്നു പുറത്താക്കാനുള്ള കടുത്ത നടപടി കൊക്കൊള്ളുകയായിരുന്നു. ഹുലന്‍ ലൊപെടെഗിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെന്നും ലൊപെടെഗിയുടെ മഹത്തായ പ്രവര്‍ത്തനം കൊണ്ടാണ് സ്പാനിഷ് ടീം ഇവിടം വരെ എത്തിയത്. അതിനു ഞങ്ങള്‍ അദ്ദേഹത്തിനു നന്ദി പറയുന്നതായി അധികൃതര്‍ അറിയിച്ചു.   

OTHER SECTIONS