ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു

By Akhila Vipin .25 05 2020

imran-azhar

 

മൊഹാലി: ഇന്ത്യയുടെ ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം.

 

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്. ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ അത്‌ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു. ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്.

 

 

 

OTHER SECTIONS