വാട്‌സണ് അപരാജിത സെഞ്ചുറി: ഐപിഎല്‍ 11ാം സീസണില്‍ ചെന്നൈ ചാമ്പ്യന്‍മാര്‍

By Shyma Mohan.28 May, 2018

imran-azhar


    മുംബൈ: ഐപിഎല്‍ 11ാം സീസണില്‍ ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സെഞ്ചുറിയുമായി അപരാജിതനായി പോരാടിയ ഷെയ്ന്‍ വാട്‌സണാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 18.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചുകൂട്ടി. ഹൈദരാബാദ് ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും കാഴ്ചക്കാരാക്കി മാറ്റിയ പ്രകടനമായിരുന്നു ഷെയ്ന്‍ വാട്‌സണ്‍ കാഴ്ച വെച്ചത്. കേവലം 57 പന്തില്‍ 8 ബൗണ്ടറികളും 11 ബൗണ്ടറികളും അടക്കം വാരിക്കൂട്ടിയ വാട്‌സണ്‍ 117 റണ്‍സ് നേടി പുറത്താകാതെ നിന്നു. 19 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായിഡുവിനെ മറുവശത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു തന്റെ മാസ്മരിക പ്രകടനം വാട്‌സണ്‍ കാഴ്ച വെച്ചത്. 19 പന്തില്‍  10 റണ്‍സെടുത്ത ഡുപ്ലസിസും 24 പന്തില്‍ 32 റണ്ണെടുത്ത സുരേഷ് റെയ്‌നയുമാണ് പുറത്തായത്. ചെന്നൈയുടെ മൂന്നാം ഐപിഎല്‍ കിരീട നേട്ടമാണിത്.
    നേരത്തെ ടോസ് നഷ്ടപ്പെട്ട ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ചെന്നൈയുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. രണ്ട് സീസണുകളിലെ വിലക്കിനു ശേഷം ഇറങ്ങുന്ന ചെന്നൈ നടത്തിയ ഉജ്വല ബൗളിംഗും ഫീല്‍ഡിംഗുമാണ് ഹൈദരാബാദിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഒരു ഘട്ടത്തില്‍ വന്‍ സ്‌കോറിലേക്ക് എന്ന് തോന്നിപ്പിച്ചെങ്കിലും ചെന്നൈക്ക് മുന്നില്‍ ഹൈദരാബാദ് പതറുന്ന കാഴ്ചയാണ് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കെയ്ന്‍ വില്യംസണിന്റെയും യൂസഫ് പഠാന്റെയും മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മത്സരം തുടങ്ങി രണ്ടാം ഓവറില്‍ ഓപ്പണര്‍ ശ്രീവാറ്റ്‌സ് ഗോസ്വാമിയെ നഷ്ടപ്പെട്ടായിരുന്നു ഹൈദരാബാദ് ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ ശിഖര്‍ ധവാനുമൊത്ത് കെയ്ന്‍ വില്യംസണ്‍ ആഞ്ഞടിച്ച് മുന്നേറിയതോടെ ഹൈദരാബാദ് വന്‍ സ്‌കോര്‍ ഉയര്‍ത്തുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും വില്യംസണിനെ കരണ്‍ വിനോദ് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിച്ചതോടെ ഹൈദരാബാദിന്റെ നില പരിങ്ങലിലായി. ഷക്കീബ് അല്‍ ഹസന്‍ 15 പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും അടക്കം 23 റണ്‍സ് നേടിയെങ്കിലും ബ്രാവോയുടെ പന്തില്‍ റെയ്‌ന പിടിച്ച് പുറത്തായി. പകരമിറങ്ങിയ ദീപക് ഹൂഡ കേവലം 3 റണ്‍സെടുത്ത് പുറത്തായി. 36 പന്തില്‍ 2 സിക്‌സറുകളും 5 ബൗണ്ടറികളും അടിച്ചെടുത്ത വില്യംസണാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 2 സിക്‌സറുകളും 4 ബൗണ്ടറികളും അടക്കം 45 റണ്‍സ് നേടിയ പഠാന്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവന്‍ 25 പന്തില്‍ 26 റണ്‍സ് നേടി. ചെന്നൈക്കുവേണ്ടി ലുന്‍ഗി എന്‍ഗിഡി, കെവി ശര്‍മ്മ, ബ്രാവോ, ജഡേജ, ഷര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS