ക്യാപ്റ്റന്‍സിയിലും മികവ്: സഞ്ജു സാംസണ് വിജയത്തുടക്കം

By Shyma Mohan.22 09 2022

imran-azhar

 


ചെന്നൈ: ന്യൂസിലാന്റ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിന്റെ ഉജ്വല വിജയം. ആദ്യമായി നായക കുപ്പായം അണിഞ്ഞ സഞ്ജു ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കുന്ന കാഴ്ചക്കായിരുന്നു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാനം സിക്‌സര്‍ പായിച്ച് ഇന്ത്യക്ക് മിന്നും ജയം സമ്മാനിക്കുകയും ചെയ്തു.

 

ന്യൂസിലാന്റ് ടീം ഉയര്‍ത്തിയ 168 പിന്തുടര്‍ന്ന ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ പേസര്‍മാരായ ശര്‍ദുല്‍ താക്കൂറിന്റെയും കുല്‍ദീപ് സെന്നിന്റെയും ബൗളിംഗ് മികവില്‍ ഇന്ത്യ കീവിസിനെ 40.2 ഓവറില്‍ 167 റണ്‍സിന് പുറത്താക്കുകയായിരുന്നു. ശര്‍ദുല്‍ നാലു വിക്കറ്റും കുല്‍ദീപ് സെന്‍ മൂന്നു വിക്കറ്റും നേടി. മൈക്കല്‍ റിപ്പനും ജോ വാക്കറും ചേര്‍ന്ന് ന്യൂസിലാന്റ് സ്‌കോര്‍ 100 കടത്തിയത്. ന്യൂസിലാന്റ് സ്‌കോര്‍ 74 ഇരിക്കേ എട്ട് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലെത്തി ആടിയുലഞ്ഞ ഘട്ടത്തിലായിരുന്നു മൈക്കല്‍ റിപ്പന്റെയും ജോ വാക്കറുടെയും മികച്ച ഇന്നിംഗ്‌സ്. റിപ്പണ്‍ 61 റണ്‍സും വാക്കര്‍ 36 റണ്‍സും നേടി.

 

കീവീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 109 പന്തുകള്‍ ശേഷിക്കേ അനായാസം വിജയത്തിലെത്തി. റുതുരാജ് ഗെയ്ക്ക് വാദ് 41 റണ്‍സും രാഹുല്‍ ത്രിപാഠി 31 റണ്‍സും പ്രിഥ്വി ഷാ 17 റണ്‍സും നേടി പുറത്തായി. 29 റണ്‍സുമായി സഞ്ജുവും 45 റണ്‍സെടുത്ത് രജത് പട്ടീദാറും പുറത്താകാതെ നിന്നു.

OTHER SECTIONS