നാലാം ട്വിന്റി20: ഇന്ത്യ 5 വിക്കറ്റിന് 191 റണ്‍സ്; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

By Shyma Mohan.06 08 2022

imran-azhar

 


ലോഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വിന്റി20യില്‍ നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി.

 

സഞ്ജുവിന്റെ ഇന്നിംഗ്‌സ് കാണാന്‍ കാത്തിരുന്ന മലയാളികളെ നിരാശരാക്കാതെ 23 പന്തില്‍ 30 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. എട്ട് പന്തില്‍ അക്‌സര്‍ പട്ടേല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ സ്‌കോറിംഗിന് വേഗം കൂട്ടി. 8 പന്തില്‍ 2 സിക്‌സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു അക്‌സര്‍ പട്ടേലിന്റെ ബാറ്റിംഗ്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 53ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ഹോസെയ്‌നായിരുന്നു വിക്കറ്റ്. സ്‌കോര്‍ 61ല്‍ നില്‍ക്കേ സൂര്യകുമാര്‍ യാദവിനെ ജോസഫ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 31 പന്തില്‍ 44 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 21 റണ്‍സ് നേടി. കഴിഞ്ഞ മത്സരങ്ങളില്‍ ആഞ്ഞടിച്ച് ഇന്ത്യയെ വിജയിപ്പിച്ച ദിനേഷ് കാര്‍ത്തിക്കിന് ഈ മത്സരത്തില്‍ തിളങ്ങാനായില്ല. 9 പന്തില്‍ ആറ് റണ്ണെടുത്ത ദിനേഷ് കാര്‍ത്തിക്ക് മക്‌കോയിയുടെ പന്തില്‍ പുറത്തായി. രോഹിത് ശര്‍മ്മ 33 റണ്‍സും സൂര്യകുമാര്‍ യാദവ് 24 റണ്‍സും നേടി.

 

വിന്‍ഡീസിനുവേണ്ടി ജോസഫ്, ഒബെദ് മക്‌കോയി എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും ഹൊസെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.

 

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. സ്‌കോര്‍ 18ല്‍ നില്‍ക്കേ ബ്രണ്ടന്‍ കിംഗിനെയും 22ല്‍ നില്‍ക്കേ ഡെവോന്‍ തോമസിനെയും കരിബീയന്‍ പടയ്ക്ക് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്.

OTHER SECTIONS