കോടിഫ് കപ്പ്; അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ

By BINDU PP .06 Aug, 2018

imran-azhar

 

 


ഇന്ത്യൻ ഫുട്ബോളിന് ചരിത്ര വിജയം. സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ ദേശീയ ടീം തോൽപ്പിച്ചത് കാല്പന്ത് കളിയിലെ വമ്പന്മാരായ അർജന്റീനയെ ആണ്. ലാറ്റിനമേരിക്കൻ ശക്തികളുടെ അടുത്ത തലമുറയെയാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ അണ്ടർ 20 ടീമാണ് ഈ സ്വപ്ന രാത്രി ഇന്ത്യക്ക് സമ്മാനിച്ചത്. . ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ തകര്‍ത്തത്. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചവരായിരുന്നു ടീമില്‍ അധികവും.മത്സരം തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ മുന്‍ ലോകചാംപ്യന്‍മാരെ ഞെട്ടിച്ച് ഇന്ത്യ, അര്‍ജന്റീനയുടെ വല കുലുക്കി. രണ്ടാം പകുതിയുടെ ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് ഇന്ത്യ അര്‍ജന്റീനയെ വീഴ്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ടാന്‍ഗ്രി (നാല്), അന്‍വര്‍ അലി (68) എന്നിവരാണ് ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ ഗോള്‍ 72-ാം മിനിറ്റിലായിരുന്നു. കളിയിലുട നീളം നിരവധി ഗോള്‍ അവസരങ്ങള്‍ ഒരുക്കിയ സുരേഷ് സിംഗും ബോറിംഗ് സിംഗും ഇന്ത്യയുടെ മിഡ്ഫീല്‍ഡ് കരുത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ചു. ക്യപ്റ്റന്‍ അമര്‍ജിത് സിംഗ് കിയാം നല്‍കിയ പാസില്‍ അന്‍വര്‍ അലി ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും അര്‍ജന്റീനന്‍ ഗോളി തടുത്തിട്ടു.

 

രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ അനികേത് ജാദവ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതോടെ ഇന്ത്യന്‍ ടീം 10 പേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ പതറിയില്ല. ഗോള്‍കീപ്പര്‍ പ്രഭ്‌സൂഖന്‍ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ഇന്ത്യക്ക് തുണയായി. 56, 61 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ രണ്ട് ഉറച്ച ഗോള്‍ശ്രമങ്ങള്‍ ഗില്‍ തടഞ്ഞു. ദേശീയ സീനിയര്‍ ടീമിന്റെ പരിശീലിപ്പിച്ചിട്ടുള്ള ലിയോണല്‍ സ്‌കലോണിയും പാബ്ലോ ഐയ്മറുടെയും ശിക്ഷണത്തിലാണ് അര്‍ജന്റീനയുടെ യുവനിര ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ മൗര്‍ഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വലയുമായി ഗോര്‍ രഹിത സമനില പങ്കിട്ടു.അൻവർ അലിയുടെ ഒരു ലോംഗ് റേഞ്ചറാണ് ഇന്ത്യയെ 2-0 എന്ന എന്ന സുരക്ഷിതമായ നിലയിലെത്തിച്ചത്. അവസാന ഘട്ടത്തിൽ ഒരു ഗോൾ മടക്കി അർജന്റീന ഇന്ത്യക്ക് ഭീഷണി ഉയർത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്ന് ചരിത്ര ജയം ഉറപ്പിക്കുകയായിരു‌ന്നു.