ട്വന്റി 20 ലോകകപ്പ്: സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഇന്ത്യ

By സൂരജ് സുരേന്ദ്രന്‍.20 10 2021

imran-azhar

 

 

ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിലാണ് മറികടന്നത്.

 

ആദ്യം ബാറ്റ് ചെയ്ത ഓസീസ് അർധസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. 48 പന്തിൽ 7 ബൗണ്ടറിയടക്കം 57 റൺസാണ് സ്മിത്ത് നേടിയത്.

 

ഭുവനേശ്വർ കുമാറിന്റെ പന്തിൽ രോഹിത് ശർമ്മ എടുത്ത ക്യാച്ചിലൂടെയാണ് സ്മിത്ത് പുറത്തായത്. 25 പന്തിൽ 4 ബൗണ്ടറിയും 1 സിക്സറുമടക്കം 41 റൺസ് നേടിയ മർക്കസ് സ്റ്റോയ്‌നിസും, 28 പന്തിൽ 5 ബൗണ്ടറിയടക്കം 37 റൺസ് നേടിയ മാക്‌സ്‌വെല്ലും ഓസീസിന്റെ സ്കോറിങ്ങിന് വേഗം കൂട്ടി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 31 പന്തിൽ 39 റൺസ് നേടിയ കെ എൽ രാഹുലിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 41 പന്തിൽ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 60 റൺസ് നേടിയ രോഹിത് ശർമ്മ പരിക്ക് മൂലം പവലിയനിലേക്ക് മടങ്ങി.

 

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും, ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. യാദവ് 27 പന്തിൽ 38 റൺസും, ഹാർദിക് 8 പന്തിൽ 14 റൺസും നേടി.

 

OTHER SECTIONS