By online desk .27 11 2020
സിഡ്നി: ഓസ്ട്രേലിയക്കെതിരായുള്ള ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് തോൽവി . ഓസ്ട്രേലിയ മുന്നോട്ട് വെച്ച 375 എന്ന കൂറ്റൻ വിജലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എടുക്കാനേ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചിട്ടുള്ളു. ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട ഇന്ത്യയെ ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും ചേർന്ന് കരകയറ്റുകയായിരുന്നു . ഇരുവരും ചേർന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റൺസ് നേടിയ ഹാർദിക് പാണ്ഢ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്നത്തെ മത്സരത്തിൽ മറ്റു ബാറ്റ്സ്മാൻ മാർക്ക് കാര്യമായൊന്നും ചെയ്യാൻ ആയില്ല. അതേസമയം ഓസ്ട്രേലിയയ്ക്കായി ആദം സാംപയും ജോഷ് ഹെയ്സല്‍വുഡും മികച്ച പ്രകടനം കാഴ്ചവെച്ചു.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നായകന് ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ് 374 എന്ന വലിയ സ്കോര്‍ കണ്ടെത്തിയത്.
ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത് 32 പന്തില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് നേടി. ഓസിസ് പേസ് ബൗളിങ് നിരയെ ധവാനും മായങ്കും അനായാസം നേരിട്ടു. മായങ്ക് അഗര്‍വാള്‍ 22 റണ്‍സ് എടുത്ത് പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നായകന് കോലി (21), ശ്രേയസ് അയ്യര്‍ (2) കെ.എല്‍ രാഹുല്‍ (12) എന്നിവരാണ് പുറത്തായത്. ഹേയ്സല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി. കോലിയെയും അയ്യരെയും ഓരേ ഓവറിലാണ് ഹെയ്സല്‍വുഡ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ രാഹുലിനെ ആദം സാംപ മടക്കി. സാംപ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.
സെഞ്ചുറി നേടിയ നായകന് ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും കരുത്തിലാണ് ഓസിസ് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണ് ഇന്ന് ഓസ്ട്രേലിയ നേടിയത്. ഫിഞ്ച് 114 റണ്‍സെടുത്തപ്പോള്‍ 66 പന്തുകളില്‍ നിന്നും സ്മിത്ത് 105 റണ്‍സെടുത്തു.
ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസിസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 156 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാൽ ഷമി വാർണരെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു . അതിനുപിന്നാലെ സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഓസ്ട്രേലിയയുടെ സ്കോർ കുതിച്ചുയർന്നു . 40-ാം ഓവറിൽ ഫിഞ്ചിനെ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറിൽ 59 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ബുംറ, സെയ്നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഏകദിനം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും.