മൂന്നാം ടെസ്റ്റ്: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയലക്ഷ്യം

By Shyma Mohan.21 Aug, 2018

imran-azhar


    നോട്ടിംഗ്ഹാം: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 521 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാണ് ഇന്ത്യ രണ്ടു ദിവസം ബാക്കിയിരിക്കേ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 23 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സുമായി ജെന്നിംഗ്‌സും 9 റണ്‍സുമായി കുക്കുമാണ് ക്രീസില്‍. 10 വിക്കറ്റും രണ്ടുദിവസവും ബാക്കിയിരിക്കേ ഇന്ത്യന്‍ സ്‌കോറിന് 498 റണ്‍സിന് പുറകിലാണ് ഇംഗ്ലണ്ട്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും പുറത്താകലിന് ശേഷം ഇറങ്ങിയവരില്‍ അര്‍ദ്ധ സെഞ്ചുറിയെടുത്ത ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് തിളങ്ങിയത്. പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
    ആദ്യ ഇന്നിംഗ്‌സില്‍ 329 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സില്‍ 161 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 3 റണ്‍സിന് നഷ്ടമായ സെഞ്ചുറി രണ്ടാം ഇന്നിംഗ്‌സില്‍ പൂര്‍ത്തിയാക്കിയാണ് കോഹ്‌ലി പവലിയനിലെത്തിയത്. 72 റണ്‍സുമായി ചേതേശ്വര്‍ പൂജാര കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി 44 റണ്‍സെടുത്ത ശിഖര്‍ ധവാനും 36 റണ്‍സെടുത്ത ലോകേഷ് രാഹുലും 103 റണ്‍സെടുത്ത കോഹ്‌ലിയുമാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഒരു റണ്ണെടുത്ത് ഋഷഭ് പന്ത് ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 52 റണ്‍സ് നേടി. അജിങ്ക്യ രഹാനെ 29 റണ്ണിന് റാഷിദിന്റെ പന്തില്‍ പുറത്തായി.  

OTHER SECTIONS