ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുതി കോഹ്‌ലിപ്പട: ഇന്ത്യയുടെ ആദ്യ പരമ്പര വിജയം

By Shyma Mohan.14 Feb, 2018

imran-azhar


    പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തെ ഏകദിനം വിജയിച്ച് ഇന്ത്യ ചരിത്രമെഴുതി. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 73 റണ്‍സിന്റെ ആധികാരിക ജയം. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്ന ആദ്യ പരമ്പര വിജയമാണ് കോഹ്‌ലിയുടെ കീഴിലുള്ള ഇന്ത്യയുടെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്. അര്‍ദ്ധ സെഞ്ചുറിയെടുത്ത ഹാഷിം ആംല മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ തകര്‍ത്ത കുല്‍ദീപ് യാദവും ഡുമിനിയുടെയും ഡിവില്ലിയേഴ്‌സിന്റെയും വിക്കറ്റുകള്‍ പിഴുത ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. 34.3 ഓവറില്‍ ആതിഥേയരുടെ സ്‌കോര്‍ 166ല്‍ നില്‍ക്കേ 71 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഹാഷിം ആംലയെ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ടാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കക്ക് അടിപതറിയത്. വിക്കറ്റുകള്‍ ഒരുഭാഗത്ത് നിശ്ചിത ഇടവേളകളില്‍ വീണെങ്കിലും ആംല പിടിച്ചുനിന്നത് ഇന്ത്യയുടെ ജയ സാധ്യതകള്‍ മങ്ങലേല്‍പിച്ചു നില്‍ക്കെയാണ് ആംല റണ്ണൗട്ടായത്. മാര്‍ക്രാം(32 റണ്‍സ്), മില്ലര്‍(36 റണ്‍സ്), ക്ലാസെന്‍(39 റണ്‍സ്) നേടി പുറത്തായി. ഡിവില്ലിയേഴ്‌സ് 6 റണ്‍സിനും ഡുമിനി ഒരു റണ്ണിനും പുറത്തായി. ആറ് ഏകദിനങ്ങളുള്ള പരമ്പരയില്‍ നാല് മത്സരങ്ങളിലും വിജയിച്ച ഇന്ത്യക്ക് പരമ്പര സ്വന്തം. ഇതോടെ ആറാം ഏകദിന മത്സര ഫലം അപ്രസക്തമായി.
    നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ രോഹിത് ശര്‍മ്മയുടെ അടക്കം തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ പിഴുത ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോര്‍ നേടുന്നതിന് തടയിട്ടത്. 42.2 ഓവറില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടിക്കൊണ്ടാണ് എന്‍ഗിഡി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് അടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യക്ക് കനത്ത പ്രഹരം നല്‍കി. 44.2 ഓവറില്‍ 30 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും പുറത്താക്കി എന്‍ഗിഡി ഇന്ത്യക്ക് തടയിട്ടു. 48.2 ഓവറില്‍ ധോണിയും എന്‍ഗിഡിയുടെ പന്തിന് മുന്നില്‍ മുട്ടുകുത്തി. 25 ഓവറില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കി 300 റണ്‍സിലേറെ വിജയലക്ഷ്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ നിന്നായിരുന്നു ഇന്ത്യക്ക് മേല്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കിയത്. ഇന്നിംഗ് ആരംഭത്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ശിഖര്‍ ധവാനെ ഏഴാം ഓവറില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ നായകന്‍ വിരാട് കോഹ്‌ലിയുമൊത്ത് ഇന്ത്യന്‍ സ്‌കോര്‍ 25 ഓവറില്‍ 150 കടത്തി. 25.3 ഓവറില്‍ ഡുമിനി കോഹ്‌ലിയെ റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. 126 പന്തില്‍ 4 സിക്‌സറുകളുടെയും 11 ബൗണ്ടറികളുടെയും അകമ്പടിയോടെ രോഹിത് ശര്‍മ്മ 115 റണ്‍സ് നേടി. കോഹ്‌ലി 36 റണ്‍സും ധവാന്‍ 34 റണ്‍സും ധോണി 13 റണ്‍സും നേടി. 8 റണ്‍സെടുത്ത അജിങ്ക്യ രഹാനെയെയും 36 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെയും മികച്ച ഫീല്‍ഡിംഗിലൂടെയാണ് ദക്ഷിണാഫ്രിക്ക പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.

OTHER SECTIONS