രോഹിത് ശര്‍മ്മക്ക് സെഞ്ചുറി: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 275 റണ്‍സ് വിജയലക്ഷ്യം

By Shyma Mohan.13 Feb, 2018

imran-azhar


    പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തെയും നിര്‍ണ്ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ രോഹിത് ശര്‍മ്മയുടെ അടക്കം തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ പിഴുത ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോര്‍ നേടുന്നതിന് തടയിട്ടത്. 42.2 ഓവറില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടിക്കൊണ്ടാണ് എന്‍ഗിഡി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് അടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യക്ക് കനത്ത പ്രഹരം നല്‍കി. 44.2 ഓവറില്‍ 30 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും പുറത്താക്കി എന്‍ഗിഡി ഇന്ത്യക്ക് തടയിട്ടു. 48.2 ഓവറില്‍ ധോണിയും എന്‍ഗിഡിയുടെ പന്തിന് മുന്നില്‍ മുട്ടുകുത്തി. 25 ഓവറില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കി 300 റണ്‍സിലേറെ വിജയലക്ഷ്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ നിന്നായിരുന്നു ഇന്ത്യക്ക് മേല്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കിയത്. ഇന്നിംഗ് ആരംഭത്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ശിഖര്‍ ധവാനെ ഏഴാം ഓവറില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ നായകന്‍ വിരാട് കോഹ്‌ലിയുമൊത്ത് ഇന്ത്യന്‍ സ്‌കോര്‍ 25 ഓവറില്‍ 150 കടത്തി. 25.3 ഓവറില്‍ ഡുമിനി കോഹ്‌ലിയെ റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. 126 പന്തില്‍ 4 സിക്‌സറുകളുടെയും 11 ബൗണ്ടറികളുടെയും അകമ്പടിയോടെ രോഹിത് ശര്‍മ്മ 115 റണ്‍സ് നേടി. കോഹ്‌ലി 36 റണ്‍സും ധവാന്‍ 34 റണ്‍സും ധോണി 13 റണ്‍സും നേടി. 8 റണ്‍സെടുത്ത അജിങ്ക്യ രഹാനെയെയും 36 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെയും മികച്ച ഫീല്‍ഡിംഗിലൂടെയാണ് ദക്ഷിണാഫ്രിക്ക പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.

OTHER SECTIONS