ആദ്യ ട്വിന്റി20: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 7 വിക്കറ്റിന്റെ വിജയത്തുടക്കം

By Shyma Mohan.13 Feb, 2018

imran-azhar


    പോഷഫ്‌സ്ട്രൂം, ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വിന്റി20യില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 7 വിക്കറ്റിന്റെ അത്യുജ്വല വിജയത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 165 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിയിരിക്കേ മറികടന്നു. അര്‍ദ്ധ സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച മിതാലി രാജാണ് ടീമിന് അഞ്ചു മത്സരങ്ങളുള്ള ട്വിന്റി20 പരമ്പരയിലെ ആദ്യ ജയം ഇന്ത്യക്ക് സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഡി വാന്‍ നീകേര്‍ക്ക്, ട്രിയോണി, നാഡിന്‍ ഡി ക്ലര്‍ക്ക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. നീകേര്‍ക്ക് 38 റണ്‍സും ട്രിയോണി 32 റണ്‍സും ഡി ക്ലര്‍ക്ക് 30 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഫോമിലുള്ള സ്മൃതി മന്ദാനയും മിതാലി രാജും മികച്ച തുടക്കം നല്‍കി. എന്നാല്‍ മന്ദാനയുടെ പുറത്താകലിനു പിന്നാലെ ഇറങ്ങിയ ഹര്‍മന്‍പ്രീത് പൂജ്യത്തിന് പുറത്തായത് ഇന്ത്യയുടെ പരിങ്ങലിലാക്കി. എന്നാല്‍ തുടര്‍ന്നിറങ്ങിയ ജെന്നി റോഡ്രിഗഡ്, വേദ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം നിന്ന് മിതാലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജെന്നി റോഡ്രിഗഡും വേദ കൃഷ്ണമൂര്‍ത്തിയും 37 റണ്‍സ് വീതം നേടി.

OTHER SECTIONS