By സൂരജ് സുരേന്ദ്രന്.16 02 2021
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പത്തിനൊപ്പമെത്തി. 317 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്.
സ്കോര്‍: ഇന്ത്യ - 329/10, 286/10, ഇംഗ്ലണ്ട് - 134/10, 164/10. ഇന്ത്യ ഉയർത്തിയ 482 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ ഇംഗ്ലണ്ട് അമ്പേ പരാജയപ്പെട്ടു. സ്പിന്നിനെ അനുകൂലിക്കുന്ന ചെന്നൈയിലെ പിച്ചിൽ അശ്വിനും, അക്ഷർ പട്ടേലും, കുൽദീപ് യാദവും കളംനിറഞ്ഞു.
അക്ഷർ പട്ടേൽ 2 വിക്കറ്റും, അശ്വിൻ 3 വിക്കറ്റും, കുൽദീപ് 2 വിക്കറ്റും വീഴ്ത്തി. ഉച്ചഭക്ഷണത്തിനു പിന്നാലെ 92 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടിനെ അക്ഷര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ വിധി എഴുതപ്പെട്ടിരുന്നു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി സ്റ്റോണിനെയും (0), മോയിന്‍ അലി (43), റോറി ബേണ്‍സ് (25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
തിങ്കളാഴ്ച അശ്വിന്റെ സെഞ്ചുറിയുടെയും (106) ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും (62) പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്സില്‍ 286 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ വെച്ചത് 482 എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു.