കോലി (94*) നിസാരം, ടി ട്വൻറിയിൽ 1000 തികച്ച് രാഹുൽ; ഇന്ത്യക്ക് തകർപ്പൻ ജയം

By Sooraj Surendran .06 12 2019

imran-azhar

 

 

ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി ട്വൻറിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറിൽ മറികടന്നു. ക്യാപ്റ്റൻ വിരാട് വിരാട് കോലിയുടെയും, ഓപ്പണർ കെ എൽ രാഹുലിന്റെയും തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വിരാട് കോലി 50 പന്തിൽ 6 ബൗണ്ടറിയും 6 സിക്സറുമടക്കം 94 റൺസാണ് നേടിയത്. 40 പന്തുകൾ നേരിട്ട കെ എൽ രാഹുൽ 5 ബൗണ്ടറിയും 4 സിക്സറുമടക്കം 62 റൺസ് നേടി വിജയ പാതയിൽ ശക്തമായ അടിത്തറ പാകി.വിൻഡീസ് നായകൻ ജേസൺ ഹോൾഡറെ രാഹുലും, കോലിയും കണക്കിന് പ്രഹരിച്ചു. 4 ഓവറിൽ വിക്കറ്റ് നേടാതെ 46 റൺസാണ് ഹോൾഡർ വിട്ടുകൊടുത്തത്.

 

കോലിയുടെ 23ആം അർധസെഞ്ചുറിയാണ് ഹൈദരാബാദിൽ പിറന്നത്. രാഹുല്‍ ട്വന്റി 20-യിലെ ഏഴാം അര്‍ധ സെഞ്ചുറിയാണ് ഹൈദരാബാദിൽ പിറന്നത്. ഇതിനിടെ ട്വന്റി 20 കരിയറിൽ രാഹുല്‍ 1000 റണ്‍സും തികച്ചു. 29-ാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഈ നേട്ടം. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

 

തുടർച്ചയായി കയ്യിൽ വന്ന അവസരങ്ങൾ പാഴാക്കിയ ഇന്ത്യൻ ഫീൽഡർമാർ വിൻഡീസിന് കൂറ്റൻ സ്‌കോർ നേടാൻ അവസരമൊരുക്കുകയായിരുന്നു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് വിൻഡീസ് നേടിയത് ഷിംറോൺ ഹേറ്റ്മേയർ (56(41)), ലൂയിസ് (40(17)), പൊള്ളാർഡ് (37(19)), ബ്രണ്ടൻ കിംഗ് (31(23)) തുടങ്ങിയ തകർപ്പൻ പ്രകടനങ്ങളാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ (ഒമ്പതു പന്തില്‍ 24*), ദിനേഷ് രാംദിന്‍ (ഏഴു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെ നിന്നു. നിർണായക ഘട്ടങ്ങളിൽ ഹേറ്റ്മേയറിന്റെ രണ്ട് ക്യാച്ചുകളാണ് ഫീൽഡർമാർ കൈവിട്ടത്. ബൗളിങ്ങിൽ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ 2 വിക്കറ്റും, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 4 ഓവറിൽ ൫൬ റൺസ് വിട്ടുകൊടുത്ത ദീപക് ചഹാറിനെയാണ് വിൻഡീസ് ബാറ്റ്സ്മാന്മാർ കണക്കിന് പ്രഹരിച്ചത്.

 

OTHER SECTIONS