ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

By online desk .01 05 2020

imran-azhar




കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു.
ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. 1962 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ചുനി ഗോസ്വാമി.
വാര്‍ദ്ധക്യ സഹജമായ അനാരോഗ്യം കാരണം കുറച്ച് കാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

 

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
1962 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ചുനി ഗോസ്വാമിയായിരുന്നു നായകന്‍. 1964 ല്‍ ഏഷ്യന്‍ ഗെയിംസില്‍ റണ്ണേഴ്സപ്പായപ്പോഴും അതേ വര്‍ഷം നടന്ന മെര്‍ദേക്ക കപ്പില്‍ ബര്‍മയോട് നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടപ്പോഴും ചുനി ഗോസ്വാമി ടീമിന്റെ നെടുംതൂണായിരുന്നു. ക്ലബ്ബ് ഫുട്ബോളില്‍ മോഹന്‍ ബഗാന്റെ സുവര്‍ണ താരമായിരുന്നു.

 

കോളജില്‍ പഠിക്കുന്ന കാലത്ത് ഫുട്ബോളിലും ക്രിക്കറ്റിലും ഒരു പോലെ തിളങ്ങി. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കളിച്ചിരുന്നു. ഒരേ സമയം കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു ചുനി ഗോസ്വാമി.

 


1957 ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം നടത്തുന്നത്. ഏഴാം വര്‍ഷം അദ്ദേഹം രാജ്യാന്തര ഫുട്ബോള്‍ അവസാനിപ്പിച്ചു. പ്രായം ഇരുപത്തേഴ് മാത്രമായിരുന്നു അപ്പോള്‍. ക്രിക്കറ്റിലേക്കുള്ള ചുവട് മാറ്റമായിരുന്നു അദ്ദേഹം നടത്തിയത്. 1966 ല്‍ ഗാരി സോബേഴ്സിന്റെ വെസ്റ്റിന്‍ഡീസിനെ നേരിട്ട സെന്‍ട്രല്‍-ഈസ്റ്റ് സോണ്‍ ടീമില്‍ ചുനി ഗോസ്വാമി കളിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റും വീഴ്ത്തി. 1971-72 ല്‍ ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി.

 

 

 

OTHER SECTIONS