ബുമ്രയുടെ ഫിറ്റ്‌നസിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു: ദ്രാവിഡ്

By Shyma Mohan.01 10 2022

imran-azhar

 


മുംബൈ: ഇന്ത്യന്‍ ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിലേക്ക് പോയതായും അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി ടീം മാനേജ്‌മെന്റ് കാത്തിരിക്കുകയാണെന്നും മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

 

നേരത്തെ നടുവേദനയെ തുടര്‍ന്ന് ബുമ്രയ്ക്ക് ടി20 ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും ബുമ്ര ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്ന് ദ്രാവിഡ് പറഞ്ഞു.

 

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്ന് ബുമ്ര ഔദ്യോഗികമായി പുറത്തായിരിക്കുന്നു. അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയി. അടുത്ത നടപടികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഔദ്യോഗികമായി ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയില്‍ നിന്ന് ബുമ്ര പുറത്താണ്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാമെന്നും ദ്രാവിഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

ബുമ്ര പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുന്നതുവരെ, അദ്ദേഹം പുറത്താക്കപ്പെട്ടുവെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുംവരെ ഞങ്ങള്‍ എപ്പോഴും പ്രതീക്ഷയുള്ളവരായിരിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS