ഇവിടെ ഒരു സ്‌റ്റേഡിയം ഉണ്ടായിരുന്നു! കാര്യവട്ടം സ്റ്റേഡിയത്തിന് 60 ലക്ഷത്തിന്റെ നാശം

By Web Desk.20 07 2021

imran-azhar

 

സ്റ്റേഡിയം കായികേതര ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് കെ.സി.എ

 


തിരുവനന്തപുരം: കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി എന്നിവയിലൂടെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിന് 60 ലക്ഷം രൂപയുടെ നാശം. സ്റ്റേഡിയം വീണ്ടും പരിപാലിക്കാന്‍ എത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. സ്റ്റേഡിയം കായികേതര ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.എ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു.

 

വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമൊക്കെ കാണികളെ ആവേശം കൊള്ളിച്ച മൈതാനത്ത് തണ്ണിമത്തന്‍ വിളഞ്ഞുകിടക്കുകയാണ്. കമ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി, ആല്‍, അരശ്, തീറ്റപ്പുല്ല്, കൂണ്‍ തുടങ്ങിയവയെല്ലാം കാടുപിടിച്ചു വളരുകയാണ്.ഇന്ത്യ, ന്യൂസിലന്‍ഡ് കളിക്കിടെ മഴ വന്നപ്പോഴാണ് ഈ സ്റ്റേഡിയത്തിന്റെ രാജ്യാന്തര നിലവാരം എല്ലാവരും അറിഞ്ഞത്. മഴ മാറി അരമണിക്കൂര്‍ കൊണ്ട് കളി തുടങ്ങാന്‍ സാധിച്ചപ്പോള്‍, സുനില്‍ ഗാവസ്‌കറും സഞ്ജയ് മഞ്ജരേക്കറും ഹര്‍ഷാ ഭോഗ്ലെയുമൊക്കെ ഇവിടുത്തെ ഡ്രൈനേജ് സംവിധാനത്തെ വാനോളം പുകഴ്ത്തിയിരുന്നു. ആ സംവിധാനങ്ങളൊക്കെ കരസേന നിയമന റാലിയില്‍ താറുമാറായി.

 

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയുടെ റാലി കൂടി വന്നതോടെ മൈതാനം വീണ്ടും നശിച്ചു. അന്ന് ആംബുലന്‍സ് വരെ മൈതാനത്തിറങ്ങി. അറുപതുലക്ഷം രൂപയെങ്കിലും ചെലവിട്ടാല്‍ മാത്രമെ സ്റ്റേഡിയം പഴയ പടിയാക്കാനാകൂ. പിച്ചിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നതുമാത്രമാണ് ഏക ആശ്വാസം.

 

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളുടെ ഇന്ത്യന്‍ പര്യടനങ്ങള്‍, ഐപിഎല്‍ എന്നിവ മുന്നില്‍ക്കണ്ടാണ് കെ.സി.എ സ്റ്റേഡിയം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. രാജ്യാന്തര നിലവാരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ സഹായവും തേടി.

 

 

 

 

 

 

OTHER SECTIONS