By സൂരജ് സുരേന്ദ്രന്.28 02 2021
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. ബിഹാറിനെതിരെ ഒൻപതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി.ഐപിഎൽ ഒത്തുകളി വിവാദത്തിന് പിന്നാലെ മടങ്ങി വന്ന മലയാളി താരം എസ്.ശ്രീശാന്തിന്റെ ഗംഭീര പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
9 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് ശ്രീശാന്ത് സ്വന്തമാക്കിയത്. ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന കേരളം 8.5 ഓവറിൽ ലക്ഷ്യം മറികടന്നു.
37 റൺസുമായി വിഷ്ണു വിനോദ് മാത്രമാണ് പുറത്തായത്. റോബിൻ ഉത്തപ്പ (87), സഞ്ജു സാംസൺ 24 എന്നിവരാണ് കേരളത്തിനെ വിജയിപ്പിച്ചത്.