ടെസ്റ്റ് റാങ്കിംഗിലും വിരാട് കോഹ്‌ലിക്ക് മുന്നേറ്റം

By Shyma Mohan.07 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: ലോക റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് റാങ്കിംഗിലും മുന്നേറ്റം. ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാല് സ്ഥാനങ്ങള്‍ മുന്നേറി കോഹ്‌ലി രണ്ടാമതെത്തി. നേരത്തെ രണ്ടാം റാങ്കിലുണ്ടായിരുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തെത്തി. രണ്ട് ഡബിള്‍ സെഞ്ചുറികളടക്കം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 610 റണ്‍സ് എടുത്ത കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് റാങ്കിംഗില്‍ മുന്നിലെത്തിച്ചത്. നേരത്തെ ആറാം സ്ഥാനത്തായിരുന്നു കോഹ്‌ലി ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ പട്ടികയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാമതും ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.
    ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ, ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടം നേടി.
    ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആഷസിലെ പ്രകടനം ഓസ്‌ട്രേലിയയെ തുണച്ചില്ല. ന്യൂസിലാന്റിന് പുറകില്‍ അഞ്ചാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.


OTHER SECTIONS