രണ്ടാം ക്വാളിഫയറിൽ ഡൽഹിക്ക് ടോസ് നഷ്ടം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ഷാർജ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് ടോസ് നഷ്ടം. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.

 

ടോം കറന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ഡൽഹി ടീമിൽ ഇടം നേടി. കഴിഞ്ഞ മത്സരത്തിലെ അതെ ടീമുമായാണ് കൊൽക്കത്ത ഡൽഹിയെ നേരിടുന്നത്. ശുഭ്മാന്‍ ഗില്‍,വെങ്കിടേഷ് അയ്യര്‍, നിതീഷ്‌ റാണ, രാഹുല്‍ ത്രിപാഠി എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ഒരാള്‍ തിളങ്ങിയാല്‍തന്നെ മികച്ച സ്‌കോറിലെത്താനാകും.

 

പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് തുടങ്ങിയ യുവ ബാറ്റ്സ്മാന്‍മാരുടെ കരുത്തില്‍ മുന്നേറുന്ന ടീമിന് ആന്റിച്ച് നോര്‍ക്കെ, ആവേശ് ഖാന്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ തുടങ്ങിയ മികച്ച ബൗളിങ് നിരയാണുള്ളത്.

 

ഐ.പി.എല്ലില്‍ 28 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 15 തവണ കൊല്‍ക്കത്ത വിജയം നേടി. 12 പ്രാവശ്യം വിജയം ഡല്‍ഹിയ്‌ക്കൊപ്പം നിന്നു.14 മത്സരങ്ങളിൽ നിന്ന് 10 ജയം ഉൾപ്പെടെ 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിന് യോഗ്യത നേടിയത്.

 

അതേസമയം കൊൽക്കത്ത 14 മത്സരങ്ങളിൽ നിന്ന് 7 ജയം ഉൾപ്പെടെ 14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ക്വാളിഫയറിന് യോഗ്യത നേടിയത്.

 

ഈ സീസണിൽ മികച്ച പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്.

 

OTHER SECTIONS