നെഹ്റു ട്രോഫി വളളംകളി

By ബി.ആര്‍. ശുഭലക്ഷ്മി .09 Aug, 2017

imran-azhar

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. ഓണത്തിന്‍റെയും ജലോത്സവങ്ങളുടെയും വരവറിയിച്ചാണ് ഈ ജലമേള അരങ്ങേറുന്നത്. നെഹ്റു ട്രോഫിയോടുകൂടി ജലമേളകളുടെ നിരയാണ് മലയാളനാട്ടില്‍ അരങ്ങേറുക. കായലുകളാലും നദികളാലും സന്പന്നമായ ആലപ്പുഴയില്‍.

 

 

ഈ വര്‍ഷത്തെ നെഹ്റുട്രോഫി വളളംകളി ആഗസ്റ്റ് 12~നാണ്. എല്ലാവര്‍ഷും ആഗസ്റ്റുമാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റുട്രോഫി നടക്കുക. ആലപ്പുഴ ജില്ളയിലെ പുന്നമടക്കായലില്‍ വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി വിദേശവിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. 65~ാമത് നെഹ്റുട്രോഫിയാണ് ഇത്തവണത്തേത്.

 

നെഹ്റുവും ജലമേളയും
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ജലമേളയുടെ ചരിത്രം. 1952ലായിരുന്നു ഇത്.കോട്ടയത്ത് നിന്നു ആലപ്പുഴ വരെ പണ്ഡിറ്റ്ജി വളളത്തില്‍ സഞ്ചരിക്കുകയുണ്ടായി. ആ വളളത്തെ അനുഗമിച്ച് നിരവധി വളളങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിനോടുളള ആദരസൂചകമായി കേരളസര്‍ക്കാര്‍ ഒരു ചുണ്ടന്‍ വള്ളംകളി മത്സരം ഒരുക്കി. ആലപ്പുഴ ജില്ളയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും അവഗണിച്ച് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്റുവിന്‍െറ ഈ ആഹ്ളാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകന്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി.

 

 

 

 

ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്‍െറ മാതൃക നെഹ്റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു പുന്നമടക്കായലിലെ ജലോത്സവം അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരസൂചകമായി പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങുന്നു.

 

 

പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പമെത്തിയെന്നത് ഈ ജലമേളയുടെ പ്രധാന്യമേറ്റുന്നു.നെഹ്റുട്രോഫി വള്ളംകളിയുടെ മുന്നോടിയായി നടത്തുന്ന സാംസ്കാരിക ഘോഷയാത്രയും പ്രസിദ്ധമാണ്


ആദ്യവിജയി നടുഭാഗം ചുണ്ടനാണ്. 2016~ലെ വിജയി കുമരകം ബോട്ട് ക്ളബിന്‍റെ കാരിച്ചാല്‍ ചുണ്ടനും.

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..