ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ: ന്യൂസീലൻഡിന്റെ വിജയം 22 റൺസിന്

By Sooraj Surendran .08 02 2020

imran-azhar

 

 

ഹാമില്‍ട്ടണ്‍: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ നിർബന്ധിതരായ കിവീസ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് നേടിയത്. മാർട്ടിൻ ഗപ്ടിൽ (79 പന്തിൽ 79), റോസ് ടെയ്‌ലർ (74 പന്തിൽ 73)എന്നിവരുടെ മികവുറ്റ ബാറ്റിംഗ് പ്രകടനമാണ് ന്യൂസീലൻഡിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ ഇന്ത്യക്കായി യുസ്വേന്ദ്ര ചഹൽ 3 വിക്കറ്റും, ഷാർഡുൾ താക്കൂർ 2 വിക്കറ്റും നേടി തിളങ്ങി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. ശ്രേയസ് അയ്യർ (57 പന്തിൽ 52), രവീന്ദ്ര ജഡേജ (73 പന്തിൽ 55) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസരത്തിനൊത്തുയരാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. 49 പന്തിൽ 45 റൺസുമായി നവദീപ് സെയ്‌നി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷാ (24), മായങ്ക് അഗര്‍വാള്‍ (3), ക്യാപ്റ്റന്‍ വിരാട് കോലി (15), ലോകേഷ് രാഹുല്‍ (4), കേദാര്‍ ജാദവ് (9) എന്നിവര്‍ ഹാമില്‍ട്ടണില്‍ പരാജയമായി. ബൗളിങ്ങിൽ ന്യൂസീലൻഡിനായി ഹാമിഷ് ബെന്നെറ്റ്, ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍, കോളിന്‍ ഡി ഗ്രാന്ദോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീതം നേടി.

 

OTHER SECTIONS