ഓസ്ട്രേലിയ ജോക്കോവിച്ചിനെ നാടുകടത്തി, ദുബായിലെത്തിയ താരം ഇനി സെര്‍ബിയയിലേക്ക്

By Avani Chandra.17 01 2022

imran-azhar

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു. ഇതോടെയാണ് താരത്തെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടു കടത്തിയത്. ഇനി മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനുമാകില്ല. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മെല്‍ബണിലെ ഫെഡറല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

 

ഇതോടെ തിങ്കളാഴ്ച ആരംഭിച്ച ഓസ്ട്രേലിയന്‍ ഓപ്പണ്‍ താരത്തിന് നഷ്ടമായി. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ച ജോക്കോവിച്ച് തിങ്കളാഴ്ച ദുബായിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നും താരം സ്വന്തം നാടായ സെര്‍ബിയയിലേക്ക് തിരിക്കും.

 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ഈ മാസം അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്സിന്‍ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി.

 

എന്നാല്‍, പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. വാക്സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മൂന്നംഗ ഫെഡറല്‍ കോടതി ജോക്കോയുടെ അപ്പീല്‍ തള്ളി. ഈ അന്തിമവിധിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കാന്‍ ജോക്കോയ്ക്ക് കഴിയില്ലായിരുന്നു.

 

ജോക്കോ പുറത്തായതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മത്സരക്രമവും മാറും. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആദ്യമത്സരം നിശ്ചയിച്ചിരുന്നതാണ്. ഗ്രാന്റ്സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ ഒറ്റയ്ക്കുമുന്നിലെത്തി ചരിത്രം കുറിക്കാമെന്ന ജോക്കോയുടെ സ്വപ്നമാണ് തകര്‍ന്നത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, ജോക്കോവിച്ച് എന്നിവര്‍ക്ക് 21 വീതം കിരീടമാണുള്ളത്. മെല്‍ബണ്‍ പാര്‍ക്ക് ജോക്കോയുടെ പ്രിയപ്പെട്ട വേദിയാണ്. ഒമ്പതുവട്ടം അദ്ദേഹം ഇവിടെ ചാമ്പ്യനായിരുന്നു. ഇക്കുറി ഹോട്ട് ഫേവറിറ്റുമായിരുന്നു. ജോക്കോവിച്ചുമായി സെര്‍ബിയന്‍ പ്രസിഡന്റ് അലെക്സാണ്ടര്‍ വുസിച്ച് ഫോണില്‍ സംസാരിച്ചു. താരത്തെ നാട്ടില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് വുസിച്ച് പറഞ്ഞു.

 

ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമറിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

 

ഇമിഗ്രേഷന്‍ ഫോമില്‍, രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നല്‍കിയ മറുപടി. എന്നാല്‍, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകള്‍ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുര്‍ഘടകാലത്ത് ഇത്തരം തെറ്റുകള്‍ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

 

OTHER SECTIONS