പല്ലേക്കലെ ടെസ്റ്റ്: ഒന്നാം ദിനം ഇന്ത്യ 6 വിക്കറ്റിന് 329 റണ്‍സ് എന്ന നിലയില്‍

By Shyma Mohan.12 Aug, 2017

imran-azhar


    കാന്‍ഡി: ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് എന്ന നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന വിധത്തിലായിരുന്നു ഓപ്പണര്‍മാരുടെ ബാറ്റിംഗ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും ലോകേഷ് രാഹുലിന്റെയും ബാറ്റിംഗാണ് ഇന്ത്യക്ക് ഒന്നാം ദിനം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധവാന്‍ 123 പന്തില്‍ 119 റണ്‍സ് നേടി. 13 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ഒരു റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ആദ്യ വിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് 188 റണ്‍സ് പടുത്തുയര്‍ത്തി. 85 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ആദ്യം വീണത്. പുഷ്പകുമാരയുടെ പന്തില്‍ കരുണരത്‌നെ പിടിച്ചാണ് രാഹുല്‍ പുറത്തായത്. തുടര്‍ന്ന് സ്‌കോര്‍ 219ല്‍ നില്‍ക്കേ പുഷ്പകുമാര തന്നെ സെഞ്ചുറിയെടുത്ത ധവാന്റെ വിക്കറ്റും വീഴ്ത്തി. ഇരുവരുടെയും പുറത്താകലിനുശേഷം ഇന്ത്യക്ക് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(42 റണ്‍സ്), അജിങ്ക്യ രഹാനെ(17 റണ്‍സ്), അശ്വിന്‍(31 റണ്‍സ്) നേടി.