ടെന്നീസ് ഇതിഹാസം റോജറര്‍ ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം

By Shyma Mohan.28 Jan, 2018

imran-azhar


    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊൊടുവില്‍  ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തിയാണ് തന്റെ 20ാം ഗ്രാന്‍സ്ലാം ഫെഡറര്‍ സ്വന്തമാക്കിയത്. മാരിന്‍ സിലിച്ച് ഫെഡറര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഒന്നാം സെറ്റ് അനായാസം ഫെഡറര്‍ നേടി. രണ്ടാം സെറ്റില്‍ സിലിച്ച് ശക്തമായി തിരിച്ചടച്ച് മടങ്ങിവന്നെങ്കിലും മൂന്നാം സെറ്റില്‍ ഫെഡറര്‍ വീണ്ടും ഫോമിലെത്തി 6-3ന് മൂന്നാം സെറ്റ് സ്വന്തമാക്കുകയും ചെയ്തു. നാലാം സെറ്റില്‍ സിലിച്ച് ശക്തമായ പ്രകടനം കാഴ്ച വെച്ച് നാലാം സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ തന്റെ അനുഭവസമ്പത്തു കൊണ്ട് കളം നിറഞ്ഞാടിയ 36കാരനായ ഫെഡറര്‍ സിലിച്ചിനെ നിലംപരിശാക്കി 6-1ന് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. സ്‌കോര്‍: 6-2, 6-7(5), 6-3, 3-6, 6-1. കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനിലും ഫെഡററോട് ഏറ്റുമുട്ടി സിലിച്ച് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ടെന്നീസ് കരിയറിലെ 20ാം ഗ്രാന്‍സ്ലാം നേട്ടവും ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണ് ഫെഡററുടെ നേട്ടത്തിലുള്ളത്. നൊവാക്ക് ജോക്കോവിച്ച്, റോയ് എമേഴ്‌സണ്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം ഫെഡറര്‍ എത്തി.