By Shyma Mohan.13 Dec, 2017
മൊഹാലി: ധരംശാലയിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് കണക്കു തീര്‍ത്ത് തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി നായകന് രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മൊഹാലിയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ലങ്കക്കുവേണ്ടി ആന്‍ജലോ മാത്യൂസ് ഒറ്റയാള്‍ പോരാട്ടവുമായി സെഞ്ചുറിയുമായി പൊരുതിയെങ്കിലും ലങ്കന്‍ സ്കോര്‍ 250 കടത്താനേ കഴിഞ്ഞുള്ളൂ. ലങ്ക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി. മാത്യൂസിനൊഴിച്ച് ലങ്കന്‍ ഇന്നിംഗ്സില്‍ മറ്റാര്‍ക്കും വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്താനായില്ല. തിരിമാനെ 21 റണ്‍സും ഡിക് വെല്ല 22 റണ്‍സും ഗുണരത്നെ 34 റണ്‍സും ഗുണതിലകെ 16 റണ്‍സും നേടി. ഇന്ത്യക്കായി യുസ് വേന്ദ്ര ചാഹല്‍ 3 വിക്കറ്റും ബുംറ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം അരങ്ങേറ്റം നടത്തിയ തമിഴ്നാടിന്റെ പതിനെട്ടുകാരന് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. തിരിമാനെയുടെ വിക്കറ്റ് നേടിയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന് രോഹിത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി. വെറും 153 പന്തുകളില്‍ 13 ഫോറുകളും 12 കൂറ്റന്‍ സിക്സറുകളും പൊക്കി രോഹിത് 208 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിന ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂര്‍വ റെക്കോര്‍ഡും രോഹിത്തിനു സ്വന്തം. ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി
രോഹിത്. വെസ്റ്റിന്‍ഡീസിനെതിരെ 219 റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യ നായകന്. നാല്‍പ്പതാം ഓവറില്‍ 101 റണ്‍സില്‍ നിന്നിരുന്ന രോഹിത് വെറും 36 പന്തുകളിലാണ് രണ്ടാമത്തെ നൂറു തികച്ച് ഇരട്ട സെഞ്ചുറിയില്‍ കുതിച്ചെത്തിയത്. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി ഓപ്പണര്‍ ശിഖര്‍ ധവാനും(68) ശ്രേയസ് അയ്യരും(88) രോഹിത്തിന് മികച്ച പിന്തുണ നല്കി. രണ്ടാം ഏകദിനം കളിക്കുന്ന മുംബൈ മലയാളി താരമായ അയ്യര്‍ 70 പന്തുകളില്‍ ഒമ്പതു ഫോറും രണ്ടു സിക്സും അടിച്ചു തകര്‍ത്ത് 88 റണ്‍സെടുത്ത് രോഹിത്തിനു മികച്ച പിന്തുണ നല്കി. രോഹിത്തിന്റെയും ധവാന്റെയും അയ്യരുടെയും മിന്നലാക്രമണങ്ങള്‍ക്കു മുന്നില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ വെറും കാഴ്ചക്കാരായി മാറി. ധരംശാലയിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഈ വിജയത്തോടെ പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ മൂന്നാം ഏകദിനം ഇരുടീമുകളെയും സംബന്ധിച്ച് നിര്‍ണ്ണായകമായി.