യോ-യോ ടെസ്റ്റില്‍ പരാജയം: ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് സഞ്ജു വി സാംസണ്‍ പുറത്ത്

By Shyma Mohan.11 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ഫിറ്റ്‌നസ് ടെസ്റ്റായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട മലയാളിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു വി സാംസണിനെ ഇന്ത്യ എ ടീമില്‍ നിന്ന് ഒഴിവാക്കി. അടുത്തിടെ നടന്ന ഐപിഎല്ലില്‍ സഞ്ജു മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാല്‍ യോയോ ടെസ്റ്റില്‍ നിശ്ചയിച്ച മാര്‍ക്കില്‍ നിന്ന് വളരെ കുറഞ്ഞ് സ്‌കോര്‍ ചെയ്തതാണ് സഞ്ജുവിന് വിനയായത്. ലണ്ടനില്‍ വെച്ച് നടക്കാന്‍ പോകുന്ന ശ്രേയസ് അയ്യര്‍ നയിക്കുന്ന ത്രിരാഷ്ട്രപ പരമ്പരക്കുള്ളഇന്ത്യ എ ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. സഞ്ജുവിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ഉജ്വല ഫോമില്‍ കളിച്ച മലയാളി താരം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 3 അര്‍ദ്ധ സെഞ്ചുറികള്‍ അടക്കം 31.50 ശരാശരിയില്‍ 441 റണ്‍സ് സ്വന്തമാക്കിയിരുന്നു. ടൂര്‍ണ്ണമെന്റില്‍ അഞ്ച് ക്യാച്ചെടുത്തിരുന്നു. തന്റെ കരിയറിലെ 81 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 26.67 ശരാശരിയില്‍ ഒരു സെഞ്ചുറിയും 10 അര്‍ദ്ധ സെഞ്ചുറികളും അടക്കം 1867 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ എ ടീമിനും ഇംഗ്ലണ്ട് ലയണ്‍സിനും പുറമെ വെസ്റ്റ് ഇന്‍ഡീസ് എ ടീമുമാണ് ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 22നാണ് ത്രിരാഷ്ട്ര പരമ്പരക്ക് തുടക്കം. ത്രിരാഷ്ട്ര പരമ്പരക്കു പുറമെ ഇംഗ്ലണ്ട് എക്കെതിരെ ജൂലൈ 16 മുതല്‍ 19 വരെ നാലുദിന ടെസ്റ്റ് മത്സരത്തിലും ഇന്ത്യ എ ടീം പങ്കെടുക്കും.


OTHER SECTIONS