സീനിയര്‍ വനിതാ ഹോക്കി; സെമി ഫൈനൽ ഇന്ന്

By online desk.08 02 2020

imran-azhar

 


കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിൻറെ സെമി ഫൈനല്‍ പോരാട്ടങ്ങൾ ഇന്ന് നടക്കും. ആദ്യ സെമിയിൽ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ സെമി ഫൈനൽ. രണ്ടാം ഫൈനലിൽ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി. വൈകിട്ട് നാലിനാണ് രണ്ടാം സെമിഫൈനൽ. ടൂർണമെന്റിൽ നിലവിലെ വെങ്കല ജേതാക്കളാണ് ഹരിയാന. ടൂർണമെന്റിലെ റണ്ണേഴ്‌സ് അപ്പ് കൂടിയായ മധ്യപ്രദേശിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് സായിയുടെ സെമിപ്രവേശം.

 

സായി ഇതാദ്യമായാണ് സെമിയിൽ കടക്കുന്നത്. നിശ്ചിത സമയവും കഴിഞ്ഞ് പെനാൽട്ടി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സായിയുടെ ജയം. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. കന്നി ഫൈനലാണ് മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെയും സായിയുടെയും ലക്ഷ്യം. വാശിയേറിയ ക്വാർട്ടറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചാണ് ഹരിയാന സെമിയിലേക്ക് ചുവടു വച്ചത്.

 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജാർഖണ്ഡിനെ തോൽപ്പിച്ച് മഹാരാഷ്ട്രയും സെമിയിൽ ഇടം നേടി. ഇതേവരെ എട്ടു ഗോൾ നേടിയ മഹാരാഷ്ട്രയുടെ റുതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. ഞായറാഴ്ച്ച വൈകിട്ട് നാലിനാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ലൂസേഴ്‌സ് ഫൈനലും നടക്കും.

 

 

 

 

OTHER SECTIONS