ആരവമുയരും.... ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയ്ക്ക് കാണികളെ അനുവദിച്ചേക്കും

By online desk .25 01 2021

imran-azhar

 

 

മുംബൈ : കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു മല്‍സരം നേരിട്ട് ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ കാണികള്‍ക്കും സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിച്ചേക്കും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര നടക്കുന്നത്. ഈ പരമ്പരയില്‍ കാണികളെ അനുവദിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

ബിസിസിഐ ഒഫീഷ്യല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ത്രില്ലിങ് ടി20 പരമ്പരയ്ക്കു സാക്ഷിയാവാന്‍ ആരാധകര്‍ക്കു സ്റ്റേഡിയം തുറന്നു കൊടുക്കാനാണ് ഞങ്ങളുടെ ശ്രമം. എന്നാല്‍ എത്രത്തോളം കാണികളെ പ്രവേശിപ്പിക്കാമെന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഏകദേശം 50 ശതമാനമെങ്കിലും കാണികളെ അനുവദിക്കുന്നതിെേനക്കുറിച്ചാണ് ആലോചിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്. സാധാരണ നിലയിലേക്കു കാര്യങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെങ്കിലും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

 

 

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നു. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനായിരുന്നു ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബിസിസിഐ അടച്ചിട്ട സ്റ്റേഡിയത്തില്‍ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്.

 

 

നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. മാര്‍ച്ച് 12നാണ് ആദ്യ ടി20 നടക്കുന്നത്. ശേഷിച്ച മല്‍സരങ്ങള്‍ 14, 16, 18, 20 തിയ്യതികളില്‍ നടക്കും. മുഴുവന്‍ മല്‍സരങ്ങളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. അതേസമയം, ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചേതന്‍ ശര്‍മയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര നഷ്ടമായ ഇഷാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

 

 

ടി20 സ്‌പെഷ്യലിസ്റ്റായ അക്ഷര്‍ പട്ടേല്‍ ടീമിലെത്തിയപ്പോള്‍ പരിക്കില്‍ നിന്നും മോചിതനായിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിഗണിച്ചില്ല. ഓസീസിനെതിരേ മിന്നുന്ന പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടി നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ഒഴിവാക്കപ്പെട്ടു. മോശം ഫോം കാരണമാണ് പൃഥ്വി തഴയപ്പെട്ടതെങ്കില്‍ നടരാജനു വിശ്രമം അനുവദിക്കുകയായിരുന്നു.

OTHER SECTIONS