നിര്‍ഭാഗ്യത്താല്‍ ട്രാക്കിന് പുറത്ത് കാല്‍ കുത്തി മെഡല്‍ നഷ്ടമായ താരത്തിന് കായിക മന്ത്രിയുടെ വക 10 ലക്ഷം

By Shyma Mohan.06 Sep, 2018

imran-azhar


    ന്യൂഡല്‍ഹി: ട്രാക്കിന് പുറത്ത് കാല്‍ കുത്തി നിര്‍ഭാഗ്യം കൊണ്ടു മാത്രം വെങ്കല മെഡല്‍ നഷ്ടമായ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗോവിന്ദന്‍ ലക്ഷ്മണനെ അഭിനന്ദിച്ച് കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ഗോവിന്ദന്‍ ലക്ഷ്മണന് 10 ലക്ഷം നല്‍കി ആദരിച്ച റാത്തോഡ് 10000 മീറ്ററിലുള്ള ഗോവിന്ദന്റെ പ്രകടനത്തെ പ്രശംസിച്ചു. ചെറിയ സാങ്കേതിക പിഴവിനാല്‍ മെഡല്‍ നഷ്ടമായെങ്കിലും ഗോവിന്ദന്‍ നമ്മുടെ ചാമ്പ്യനെന്നും നമുക്ക് നമ്മുടെ ചാമ്പ്യനൊപ്പം നില്‍ക്കാമെന്നുമാണ് കായിക മന്ത്രിയുടെ ട്വീറ്റ്. ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യക്ക് 10000 മീറ്ററിലെ മെഡല്‍ നേട്ടം തലനാരിഴക്ക് നഷ്ടമായത്. ബഹ്‌റൈന്‍ താരങ്ങളായ ഹസന്‍ ഖാനിക്കും അബ്രഹാം ചീറോബനും പിന്നിലായി മൂന്നാമത് ഗോവിന്ദന്‍ ലക്ഷ്മണന്‍ ഫിനിഷ് ചെയ്തപ്പോള്‍ ഇന്ത്യ വെങ്കലം ഉറപ്പിച്ചെങ്കിലും ഔദ്യോഗിക ഫലം പുറത്തുവന്നപ്പോള്‍ കാല്‍ ട്രാക്കിന് പുറത്ത് കുത്തിയതിനാല്‍ നാലാമത് ഫിനിഷ് ചെയ്ത ചൈനീസ് താരത്തിന് വെങ്കല നേട്ടം പോകുകയായിരുന്നു. സഹതാരത്തിന്റെ സ്‌പൈക്ക് ഗോവിന്ദന്റെ മേല്‍ തട്ടിയതാണ് താരത്തിന് വിനയായത്.