ഇന്ത്യയ്ക്ക് ചരിത്രം സമ്മാനിച്ച് പ്രണോയ്; തോമസ് കപ്പില്‍ ഇനി പൊന്‍ സ്വപ്നം

By Web Desk.13 05 2022

imran-azhar

 

ബാങ്കോക്ക്: സ്വര്‍ണം സ്വപ്നം കണ്ട് ഇന്ത്യയ്ക്ക് ആദ്യമായി തോമസ് കപ്പ് ഫൈനല്‍ മത്സരത്തിനിറങ്ങാം. നിര്‍ണായക മത്സരത്തില്‍ എച്ച് എസ് പ്രണോയിയുടെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യയ്ക്ക് ചരിത്രത്തില്‍ ആദ്യമായി തോമസ് കപ്പ് ഫൈനിലില്‍ പ്രവേശിക്കാനായത്.

 

ഡെന്‍മാര്‍ക്കിന്റെ സിംഗിള്‍സ് താരം റാസ്മസ് ഗെംകെയെ കീഴടക്കിയാണ് പ്രണോയ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് സ്വപ്നം കാണാന്‍ വഴിയൊരുക്കിയത്. ആദ്യഗെയിം പരാജയപ്പെട്ടതിന് ശേഷമായിരുന്നു താരത്തിന്റെ ഗംഭീര തിരിച്ചവരവും ജയവും.

 

സെമിഫൈനല്‍ മത്സരത്തിന്റെ മൊത്തം ആശങ്കയും പിരിമുറക്കവും ആഹ്ലാദവും ഒത്തുചേര്‍ന്നതായിരുന്നു പ്രണോയിയുടെ മത്സരവും. ആദ്യ ഗെയിമില്‍ 13-21ന് ഗെംകെയോട് പരാജയപ്പെട്ട പ്രണോയ് തൊട്ടടുത്ത ഗെയിമില്‍ 21-9ന്റെ തകര്‍പ്പന്‍ ജയം നേടി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഗെംകെ ഉയര്‍ത്തിയ ചെറിയ വെല്ലുവിളിയെ അതിജീവിച്ച് പ്രണോയ് വിജയത്തിലേക്കെത്തി. 21-12നാണ് പ്രണോയ് മൂന്നാം ഗെയിം പിടിച്ചത്.

 

നേരത്തെ സൂപ്പര്‍ താരം ലക്ഷ്യ സെന്‍ വിക്ടോര്‍ അലെക്സെനിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സ്‌കോര്‍: 31-21, 13-21.


രണ്ടാം ഗെയിമില്‍ പതര്‍ച്ചയില്‍ ഇടറാതെ ഇന്ത്യയുടെ ഇരട്ട സഖ്യം സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഡെന്‍മാര്‍ക്കിന്റെ കിം ആസ്ട്രപ്-മത്യാസ് ക്രിസ്റ്റ്യന്‍സെന്‍ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-18, 21-23, 22-20.

 

തൊട്ടടുത്ത രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ആന്‍ഡേഴ്സ് ആന്റോസെനിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-18, 12-21, 21-15.


ഇതോടെ ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് ആയി. നാലാമത്തേത് ഇന്ത്യയുടെ രണ്ടാമത്തെ ഡബിള്‍സ് മത്സരമായിരുന്നു. അതില്‍ ഇന്ത്യയുടെ കൃഷ്ണപ്രസാദ് ഗരാഗ-വിഷ്ണുവര്‍ദ്ധന്‍ പഞ്ചാല പരാജയപ്പെട്ടു. ആന്‍ഡേഴ്സ് സ്‌കാറൂപ്-ഫ്രെഡെറിക് സോഗാര്‍ഡ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.

 

മൂന്നാംമത്തെയും അവസാനത്തെയും സിംഗിള്‍സ് മത്സരത്തില്‍ പ്രണോയ് മത്സരിച്ചു. പിന്നെ പിറന്നത് ചരിത്രം.

 

 

 

 

OTHER SECTIONS