ഇന്ന് രണ്ടാം ടി-20 പരമ്പര : ഇന്ത്യ-അയര്‍ലന്‍ഡ്

By parvathyanoop.28 06 2022

imran-azhar

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് പുറത്തിരിക്കുമെങ്കില്‍ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുല്‍ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോള്‍ ത്രിപാഠിയ്ക്ക് ടീമില്‍ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്ന അര്‍ഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

 

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം, 16 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തില്‍ 47), ഇഷന്‍ കിഷന്‍ (11 പന്തില്‍ 26), ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ(12 പന്തില്‍ 24) എന്നിവരുടെ മികവിലാണ് ഇന്ത്യന്‍ ജയം. മഴമൂലം മത്സരം 12 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു.ടോസ് നേടിയ ഹര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല, രണ്ടാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് രണ്ട് വലിയ തിരിച്ചടികള്‍ നേരിട്ടു. ക്യാപ്റ്റന്‍ ആന്‍ഡി ബല്‍ബിര്‍ണി (0), പോള്‍ സ്റ്റെര്‍ലിങ്ങ് (4) എന്നിവര്‍ പുറത്തായി.

 

ബല്‍ബിര്‍ണിയെ ഭുവനേശ്വര്‍ പുറത്താക്കിയപ്പോള്‍, പോള്‍ സ്റ്റെര്‍ലിംഗിനെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. നാലാം വിക്കറ്റില്‍ ഹാരി ടെക്ടറും (33 പന്തില്‍ 64), ലോര്‍ക്കാന്‍ ടക്കറും (16 പന്തില്‍ 18) തമ്മിലുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തില്‍ അയര്‍ലന്‍ഡിന് 108 റണ്‍സെന്ന സ്‌കോറിലെത്താനായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറില്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തു.

 

ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ 26 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. ദീപക് ഹൂഡ പുറത്താകാതെ 47 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 24 റണ്‍സും നേടി. ദിനേശ് കാര്‍ത്തിക് 5 റണ്‍സുമായി പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് 2 വിക്കറ്റ് വീഴ്ത്തി.

 

 

 

OTHER SECTIONS