നിപ്പോണിന്റെ മിറൈറ്റോവ; ടോക്കിയോ ഒളിമ്പിക്‌സ് കൗതുകങ്ങള്‍; പ്രത്യേകതകള്‍

By Web Desk.19 07 2021

imran-azhar

 

 

സനീഷ് ചേന്നര

 


1964 നു ശേഷം ഒരിക്കല്‍ കൂടി വേനല്‍ക്കാല ഒളിമ്പിക്‌സിനായി ജാപ്പനീസ് തലസ്ഥാനവും കിഴക്കനേഷ്യന്‍ നഗരവുമായ ടോക്കിയോ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലായിരിക്കും ഒളിമ്പിക്‌സ് മത്സരങ്ങള്‍ അരങ്ങേറുക. 2020 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ തടത്താനിരുന്ന കായിക മത്സരങ്ങളാണ് ലോകമാകമാനം വ്യാപിച്ച പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൃത്യം ഒരു വര്‍ഷം വൈകി ആരംഭിക്കേണ്ടി വന്നിരിക്കുന്നത്. ജൂലൈ 19 ന് ടോക്കിയോ നഗരത്തില്‍ പ്രത്യേക അടിയന്തരാവസ്ഥ നിലവില്‍ വരികയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. അതോടൊപ്പം ചരിത്രത്തിലാദ്യമായി കാണികള്‍ക്ക് പ്രവേശനമില്ലാത്ത ഒളിംപിക്‌സിനു കൂടി നഗരവും ലോകവും സാക്ഷ്യം വഹിക്കേണ്ടി വരും. 205 ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റികള്‍ക്കു കീഴിലുള്ള മത്സരാര്‍ത്ഥികള്‍ക്കു പുറമെ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി നേരിട്ടു പരിശീലിപ്പിക്കുന്ന 29 താരങ്ങള്‍ ഉള്‍പ്പെടുന്ന അഭയാര്‍ത്ഥി ഒളിമ്പിക്‌സ് സംഘവും ടോക്കിയോ നഗരത്തില്‍ മാറ്റുരക്കും. ഏകദേശം 11000 ത്തോളം കായിക താരങ്ങള്‍ ടോക്കിയോ നഗരത്തിലും പുറത്തുമായി 43 വേദികളില്‍ പുത്തന്‍ ചരിത്രം എഴുതി ചേര്‍ക്കാന്‍ വ്യക്തിഗത മികവും സംഘബലവും പ്രദര്‍ശിപ്പിക്കും. ജൂലായ് 23 ന് രാത്രി എട്ടു മണിയോടെ ടോക്കിയോ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജാപ്പനീസ് ജനതക്ക് അത്രമേല്‍ പ്രിയപ്പെട്ട ചെറി പൂക്കളുടെ മാതൃകയില്‍ നിര്‍മ്മിച്ച ദീപശിഖയില്‍ പുത്തനുണര്‍വ്വിന്റെ അഗ്‌നി ജ്വാലകള്‍ ആളിപ്പടരും. 133 വര്‍ഷം മുമ്പ് പൗരാണിക ഒളിമ്പിക്‌സ് നഗരമായ ഗ്രീസിലെ ഒളിമ്പിയയിലെ സൂര്യകിരണങ്ങളാല്‍ ജ്വലിച്ചുയര്‍ന്ന തീനാളങ്ങളാണത്. ഗ്രീസില്‍ ദീപശിഖയുടെ ആദ്യ പ്രയാണം ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സര ജേതാവായിരുന്ന അന്ന കൊരഖാഗിയുടെ കൈകളിലൂടെയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യ ദീപശിഖ ഏറ്റുവാങ്ങുന്ന ആദ്യ വനിത കൂടിയായിരുന്നു അന്ന കൊരഖാഗി. കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഗ്രീസിലെ പരിമിതമായ പ്രയാണങ്ങള്‍ക്കു ശേഷം മാര്‍ച്ച് 25 നു ആകാശ മാര്‍ഗ്ഗത്തിലൂട അതിവേഗം ജപ്പാനിലെ ഫുക്കുഷിമ പ്രവിശ്യയിലെത്തിച്ചേര്‍ന്ന ദീപശിഖ 2011 ലെ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ജാപ്പനീസ് ടീമംഗങ്ങള്‍ ഏറ്റുവാങ്ങിയതോടെ ജപ്പാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒളിമ്പിക്‌സ് വളയങ്ങള്‍ക്കുള്ളിലായെന്നു പറയാം.

2011 മാര്‍ച്ച് മാസം സംഭവിച്ച, നൂറ്റാണ്ടിലെ തന്നെ ഭീകരമായ ഭൂചലനവും അത് സൃഷ്ടിച്ച സുനാമിയും പിന്നാലെ വന്ന ഫുക്കുഷിമ ആണവ ദുരന്തവും ജപ്പാനെന്ന ദ്വീപ് രാജ്യത്തിനും പ്രത്യേകിച്ച് സെന്‍ഡായ് പോലുള്ള തുറമുഖ നഗരങ്ങള്‍ക്കും കനത്ത മുറിവുകളാണ് സമ്മാനിച്ചത്. എന്നാല്‍ മുറിവുകളില്‍ നോക്കിയിരുന്നു സമയം കളയാന്‍ ഒരു കാലത്തും ജാപ്പനീസ് ജനത പരിശ്രമിച്ചിരുന്നില്ല. മുറിവുകളില്‍ മരുന്നു പുരട്ടുകയും കൂടുതല്‍ കരുത്തോടെ മുന്നേറുകയും ചെയ്യുന്നതാണ് 'നിപ്പോണു'കളുടെ (ജപ്പാന്‍ ജനത സ്വന്തം രാജ്യനാമം നിപ്പോണ്‍ എന്നാണ് ഉച്ചരിക്കാറ്) ചരിത്രം. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ 1945 ആഗസ്റ്റ് 6 ന് ലിറ്റില്‍ ബോയ് എന്ന പേരില്‍ ഹിരോഷിമയിലും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫാറ്റ്മാന്‍ എന്ന പേരില്‍ നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണങ്ങള്‍ക്കു പിന്നാലെ ജപ്പാന്‍ സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും തകര്‍ന്നുതരിപ്പണമായി കഴിഞ്ഞിരുന്നു. അപ്പോഴും നിരാശരായിരിക്കാന്‍ അവശേഷിക്കുന്ന നിപ്പോണ്‍ ജനത ഒരുക്കമല്ലായിരുന്നു. ആറായിരത്തോളം ദ്വീപുകളുള്ള ജപ്പാനില്‍ 43 എണ്ണത്തിലാണ് മനുഷ്യവാസമുള്ളത്. അവിടെയുള്ളവര്‍ കഠിനാധ്വാനം ചെയ്തു. സാമ്പത്തിക രംഗത്ത് രാജ്യം പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവന്നു. ലോക കമ്പോള നഗരങ്ങളിലേക്ക് ജാപ്പനീസ് ഉല്പന്നങ്ങള്‍ ഇടവേളകളില്ലാതെ കടല്‍ മാര്‍ഗ്ഗവും ആകാശവഴികളിലും സഞ്ചരിച്ചു. ഒളിമ്പിക്‌സ് നടത്താന്‍ മാത്രം കഴിവ് ഞങ്ങള്‍ക്കുണ്ടെന്ന് പറയുകയും 1964 ല്‍ അവരത് തെളിയിക്കുകയും ചെയ്തു. ചാരത്തില്‍ നിന്നും ഉയര്‍ന്നുപറക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ ആ ദ്വീപ് രാഷ്ട്രം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി. അതു കൊണ്ടായിരിക്കാം പ്രത്യാശയുടെ പ്രതീകമായ ദീപശിഖാ പ്രയാണം ഭീകരമായ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്ന ഫുക്കുഷിമയില്‍ നിന്നു തന്നെ ആരംഭിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചത്. ദേശീയ പരിശീലന കേന്ദ്രമായ ജെ വില്ലേജ് കോംപ്ലക്‌സില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ സഞ്ചാരം ടഡാമി നദിക്കരയിലൂടെ മുന്നേറി 47 പ്രവിശ്യാ തലസ്ഥാനങ്ങളിലും സാന്നിദ്ധ്യമറിയിച്ച് ജുലൈ 23നു ടോക്കിയോ നഗരത്തിലെ പ്രധാന സ്റ്റേഡിയത്തില്‍ എത്തിച്ചേരുമ്പോള്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവും.

 

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും കോവിഡിനെ സംബന്ധിച്ച വെല്ലുവിളികള്‍ സംഘാടകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മനുഷ്യരെ ഉള്‍ക്കൊള്ളുന്ന നഗരമാണല്ലോ ടോക്കിയോ. നഗരത്തിലെ ഷിബുയ ജംഗ്ഷന്‍ ഭൂഗോളത്തില്‍ തന്നെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നുമാണ്. അത്തരമൊരു നഗരത്തില്‍ ഒളിമ്പിക്‌സ് തിരശ്ശീല ഉയരുന്നതിന് മുമ്പ് തന്നെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നത് തദ്ദേശീയരെ ഭീതിയിലാഴ്ത്തുമെന്നുറപ്പാണ്. ഒളിമ്പിക്‌സ് സംഘാടനത്തെ സംബന്ധിച്ച് നടത്തിയ അനൗദ്യോഗിക സര്‍വ്വേകളില്‍ പങ്കെടുത്ത ഭൂരിപക്ഷം ജാപ്പനീസും മത്സരങ്ങള്‍ ഇപ്പോള്‍ വേണ്ട എന്ന മട്ടിലാണ് പ്രതികരിച്ചത്. ഒളിമ്പിക്‌സ് എപ്പോള്‍ എങ്ങനെ നടത്തണമെന്നത് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. സംപ്രേഷണം സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി നിരവധി ധാരണാപത്രങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചതിനാല്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിക്ക് ഇനിയും അനിശ്ചിതമായി കാത്തിരിക്കാന്‍ നിര്‍വ്വാഹമില്ല. അതിനാല്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ഈ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയും ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റിയും ജാപ്പനീസ് ഭരണാധികാരികളും ഒരുമിച്ച് പരിശ്രമിക്കുന്നത്.

 

എല്ലാ ഒളിമ്പിക്‌സുകളിലുമെന്ന പോലെ ടോക്കിയോ ഒളിമ്പിക്‌സിലും വൈവിധ്യങ്ങള്‍ അനവധിയാണ്. കരാട്ടെ, ക്ലൈമ്പിംഗ്, സ്‌കേറ്റ് ബോഡിംഗ്, സര്‍ഫിംഗ്, ബേസ്ബാള്‍ എന്നിവ പുതിയ മത്സര ഇനങ്ങളായി ടോക്കിയോയില്‍ അവതരിപ്പിക്കുന്നു. സര്‍ഫിംഗ് മത്സരങ്ങള്‍ ജുലൈ 25 മുതല്‍ 28 വരയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കടല്‍ത്തിരമാലകളിലെ സങ്കീര്‍ണതകള്‍ക്കനുസരിച്ച് മാറ്റം വരാം. ആകെ 33 കായിക ഇനങ്ങളിലായി 339 മത്സരങ്ങളാണ് ആഗസ്റ്റ് 23 ലെ സമാപന ആഘോഷങ്ങള്‍ക്കു മുമ്പ് പൂര്‍ത്തീകരിക്കാനുള്ളത്. ചരിത്രത്തിലാദ്യമായി 48 ശതമാനം വനിതകള്‍ ഒരു ഒളിമ്പിക്‌സ് മത്സരവേദിയില്‍ എത്തുകയാണ് എന്നത് സ്ത്രീ പുരുഷ സമത്വത്തിന്റെ ആഗോള മുന്നേറ്റത്തിന് ആവേശം പകരുന്ന വാര്‍ത്തയാണ്. 206 ടീമുകളിലും ഏറ്റവും ചുരുങ്ങിയത് ഒരു വനിതയോ പുരുഷനോ ഉണ്ടാകുമെന്നതും ശുഭസൂചനകളാണ്. മത്സരാര്‍ത്ഥികളെയും അനുബന്ധ ഉദ്യോഗസ്ഥരെയും കാത്ത് 26000 കിടക്കകള്‍ നഗരത്തിലെ ഗെയിംസ് വില്ലേജുകളില്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം പുനരുപയോഗ സാധ്യതയുള്ള വസ്തുക്കളാല്‍ നിര്‍മിക്കപ്പെട്ടവയാണ്. ഉപയോഗം കഴിഞ്ഞ 24.5 ടണ്‍ പ്ലാസ്റ്റിക് ശേഖരിക്കുകയും വിജയാഘോഷ പോഡിയങ്ങള്‍ നിര്‍മിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു മെഡലുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമായ സെല്‍ ഫോണുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ലോഹങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണ്.

 

ടോക്കിയോ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ജപ്പാനിലുടനീളം ആവിഷ്‌കരിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് 'നിപ്പോണ്‍ ഫെസ്റ്റിവല്‍' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. മിറൈറ്റോവയാണ് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര. ഏകദേശം രണ്ടായിരത്തിലധികം എന്‍ട്രികളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് മിരിത്വാ തെരഞ്ഞെടുക്കപ്പെട്ടത്. ഭാവി എന്നര്‍ത്ഥം വരുന്ന 'മിറൈ' നിത്യതയെ സൂചിപ്പിക്കുന്ന 'റ്റോവ' എന്നീ ജാപ്പനീസ് പദങ്ങള്‍ ചേര്‍ന്നതാണ് മിറൈറ്റോവ എന്ന വാക്ക്. 'നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പരിശ്രമിക്കുക, പരസ്പരം അംഗീകരിക്കുക, ഭാവിയിലേക്ക് വേണ്ടി പാരമ്പര്യം കൈമാറുക' ഇവ മൂന്നുമാണ് ടോക്കിയോ ഒളിമ്പിക്‌സിന്റെ ആപ്തവാക്യങ്ങള്‍. അതിര്‍ത്തികളും സാംസ്‌കാരിക വൈവിധ്യങ്ങളും സാമ്പത്തിക നിലകളും രാജ്യങ്ങളെ വേര്‍തിരിക്കുന്നുവെങ്കിലും പരസ്പര ബഹുമാനവും സൗഹൃദവും ഭാവി ശോഭനമാക്കുമെന്ന മഹത്തായ സന്ദേശമാണ് ഈ ഒളിമ്പിക്‌സ് ആപ്തവാക്യങ്ങളില്‍ പ്രതിഫലിക്കുന്നത്.ലോകത്താകമാനമുള്ള അഭയാര്‍ത്ഥി സമൂഹത്തില്‍ നിന്നും 29 താരങ്ങള്‍ ടോക്കിയോ നഗരത്തില്‍ മത്സരിക്കാന്‍ എത്തുന്നു എന്നത് ആവേശകരമായ വാര്‍ത്തയാണ്. 2016 ല്‍ റിയോ ഡി ജനീറയയിലാണ് ആദ്യമായി അഭയാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ച് 14 പേര്‍ അതിജീവനത്തിന്റെയും കരുത്തിന്റെയും പ്രതീകമായി മാറിയത്. 'ഞാന്‍ സുഡാനില്‍ നിന്നുള്ളയാളാണ്, ഞാന്‍ ഒരു അഭയാര്‍ത്ഥി ഒളിമ്പിക് ടീം അത്ലറ്റാണ്. എന്നിലെ ഓട്ടക്കാരനെ കണ്ടെത്തുന്നത് എന്റെ സുഹൃത്താണ്. ഞാനവനോടതിന് നന്ദിയുള്ളവനാകുന്നു. ഇപ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും ഓട്ടം ആസ്വദിക്കുന്നു. ഒളിമ്പിക്‌സ് ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ്. അതിന് സാധ്യമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ കഴിയുന്നത്ര വേഗത്തിലോടി എന്റെ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കും. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു. നിങ്ങളും നിങ്ങളില്‍ വിശ്വസിക്കുക. അതു നമ്മെ കരുത്തരാക്കുക തന്നെ ചെയ്യും. കഠിനാധ്വാനം ചെയ്യുക എന്നതാണ് എന്റെ ജീവിതത്തിലെ മുദ്രാവാക്യം. ഒരിക്കല്‍ അഭയാര്‍ത്ഥി അത്ലറ്റുകളുടെ പരിശീലകനാവാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു' ഇത് സുഡാനില്‍ നിന്നുള്ള ജമാല്‍ അബ്ദുല്‍മാജി ഈസയുടെ വാക്കുകളാണ്. ഈ വാക്കുകള്‍ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്ക് പ്രചോദനത്തിന്റെ സ്വര്‍ണപതക്കങ്ങളാണ് സമ്മാനിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ അവരുടെ സംഘത്തിന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

 

ഓരോ ഒളിമ്പിക്‌സും പുത്തന്‍ റെക്കോഡുകളുടെ കണക്കു പുസ്തകം കൂടിയാണ്. എങ്കിലും ചില റെക്കോഡുകള്‍ വര്‍ഷങ്ങളായി ഭേദിക്കപ്പെടാതെ കിടക്കുന്നു. ട്രിപ്പിള്‍ ജംമ്പില്‍ ഉക്രൈന്‍ താരമായ ഇനെസ്സ ക്രാവെറ്റ്‌സ് 1995 ല്‍ പിന്നിട്ട 15.50 മീറ്റര്‍ ഇതുവരെ മറ്റൊരാളും ചാടിക്കടന്നിട്ടില്ല. പുരുഷ ഹൈജംപില്‍ ക്യൂബയുടെ ജാവിയേര്‍ സ്റ്റോമോയര്‍ 1993 ല്‍ കീഴടക്കിയ 2.45 മീറ്റര്‍ ഉയരത്തിനുമേല്‍ മറ്റൊരു താരവും കരുത്തു കാട്ടിയിട്ടില്ല. ഇതിനേക്കാളും പഴക്കമുള്ള റെക്കോര്‍ഡാണ് വനിതകളുടെ നൂറു മീറ്റര്‍ ഓട്ട മത്സരത്തില്‍ അമേരിക്കയുടെ ഫ്‌ളോറെന്‍സാ ഗ്രിഫ്- ജോയാനറുടെ പേരിലുള്ളത്. 1988ല്‍ നൂറു മീറ്റര്‍ പിന്നിടാന്‍ അവര്‍ക്കു വേണ്ടിവന്നത് കേവലം 10.49 സെക്കന്റുകള്‍ മാത്രമാണ്. അതിനും ഒരു വര്‍ഷം മുമ്പ് വനിതകളുടെ ഹൈജംപില്‍ ബള്‍ഗേറിയക്കാരി സ്റ്റെഫ്ക ഒസ്ട്ടാഡിനോവ ചാടിക്കടന്ന 2.09 മീറ്റര്‍ ഉയരവും ഭേദിക്കപ്പെടാതെ നിലനില്ക്കുന്നു. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയറാണ്. 14 സെക്കന്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ വല കുലുക്കിയാണ് നെയ്മര്‍ 2016 സ്വന്തം നാട്ടില്‍ ചരിത്ര നേട്ടം കൈവരിച്ചത്. 100, 200 മീറ്ററുകളില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള റെക്കോഡുകളും തകര്‍ക്കപ്പെടാന്‍ സാധ്യത കുറവാണ്.

 

ചില താരങ്ങളുടെ അഭാവവും ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രത്യേകതകളാണ്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പരിക്കു മൂലം ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറിയിരിക്കുന്നു. കാല്‍മുട്ടിനു പരിക്കുപറ്റി സ്പാനിഷ് വനിതാ താരം കരോളിന മാരിനും ടോക്കിയോ ടിക്കറ്റ് ഉപേക്ഷിച്ചിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റിന് ഷോട്ട്പുട്ടില്‍ ആദ്യ സ്വര്‍ണം നേടിക്കൊടുത്ത മൈക്കല്ലെ കാര്‍ട്ടര്‍ കണങ്കാലില്‍ രൂപപ്പെട്ട മുഴ മൂലം ചികിത്സ തേടുകയാണ്. റിയോയില്‍ സ്വര്‍ണം നേടിയ അവര്‍ ഇത്തവണ മത്സരത്തിനെത്തുകയില്ല എന്നതും നിരാശാജനകമായ വാര്‍ത്തകളിലൊന്നാണ്. 2004 ന് ശേഷം ഉസൈന്‍ ബോള്‍ട്ട് പ്രത്യക്ഷപ്പെടാത്ത ആദ്യ ഒളിമ്പിക്‌സ് കൂടിയാണിത്.

 

വലിയ പ്രതീക്ഷകളോടു കൂടിയാണ് ഇന്ത്യന്‍ സംഘം ടോക്കിയോയിലേക്ക് വിമാനം കയറുന്നത്. 119 കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 228 ആണ് ഇന്ത്യയുടെ അംഗബലം. പി വി സിന്ധു, സാനിയ മിര്‍സ, കെ ടി ഇര്‍ഫാന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളിലായി ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും 15 പേരാണ് പങ്കെടുക്കുന്നത്. 2016 ല്‍ റിയോ ഡി ജനീറയില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പടെ രണ്ടു മെഡലുകളായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. ബാഡ്മിന്റണില്‍ പി വി സിന്ധുവും ഗുസ്തിയില്‍ സാക്ഷി മാലിക്കുമാണ് ഇന്ത്യന്‍ പതാക ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. ആറു ഒളിമ്പിക്‌സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ പാരമ്പര്യം ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനുണ്ട് എന്നതും ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്കു കരുത്തു നല്കുന്നു.

 

ഔദ്യോഗിക ഉദ്ഘാടനത്തിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ബേസ്ബാള്‍ മത്സരത്തോടുകൂടി ആരംഭം കുറിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സ് ആഗസ്റ്റ് 8 നു വൈകുന്നേരം 4.30 നു നടക്കുന്ന വാട്ടര്‍ പോളോ മത്സരം അവസാനിക്കുന്നതോടെ സമാപന ചടങ്ങുകളിലേക്കു നീങ്ങുകയായി.

 

അനേകം പ്രകൃതി ദുരന്തങ്ങളിലും ബോംബാക്രമണങ്ങളിലും തളര്‍ന്നു പോകാതെ കാഠിനാധ്വാനത്തിലൂന്നിയ വിജയങ്ങളുടെ നിരവധി മാതൃകകള്‍ ലോകത്തിനു മുന്നില്‍ കാഴ്ച വച്ച ജപ്പാന്‍ ഈ മഹാമാരിക്കാലത്തും ടോക്കിയോ ഒളിമ്പിക്‌സിനെ സാധ്യമാകും വിധം മികവുറ്റതാക്കുമെന്ന് പ്രത്യാശിക്കാം. 'വിജയങ്ങള്‍ കുറച്ചു പഠിപ്പിക്കുന്നു, പരാജയങ്ങള്‍ കൂടുതല്‍ പഠിപ്പിക്കുന്നു' എന്ന ജാപ്പനീസ് പഴമൊഴിയോടെ അവസാനിപ്പിക്കാം.

 

 

 

OTHER SECTIONS