ലാറയെയും വെട്ടി വീരവിരാടന്‍

By SUBHALEKSHMI B R.03 Dec, 2017

imran-azhar

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. അദ്ദേഹത്തിന്‍റെ പ്രഥമപ്രണയം ക്രിക്കറ്റിനോട് തന്നെയെന്ന് അടുത്തകാലത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നു.
ഇപ്പോഴിതാ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡും മറികടന്നിരിക്കുന്നു. അതെ ഏറ്റവും അധികം ഇരട്ടസെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന പൊന്‍തൂവല്‍ ഇപ്പോള്‍ കോഹ്ലിയുടെ കിരീടത്തിനെ അലങ്കരിക്കുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ രണ്ടാം ഇരട്ട സെഞ്ചുറിയോടെയാണ് ഈ റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കിയത്. നാഗ്പുരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം ബംഗ്ളദേശിനെതിരെ 204, 2016ല്‍ ഇംഗ്ളണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്‍റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍.

 

ആന്‍റിഗ്വയില്‍ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ളാ ഇരട്ട സെഞ്ചുറികളും കോഹ്ലി നേടിയത് ഇന്ത്യന്‍ മണ്ണിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാന്‍ ലാറയ്ക്കൊപ്പം പങ്കിട്ട കോഹ്ലി ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു.

 

നേരത്തേ, ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന നേട്ടവും കോഹ്ളി സ്വന്തമാക്കിയിരുന്നു. 105ാം ഇന്നിങ്സില്‍ ഈ നേട്ടം പിന്നിട്ട കോഹ്ലി, അതിവേഗം 5,000 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍
താരങ്ങളില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ഗാവസ്കര്‍ (95), വീരേന്ദര്‍ സേവാഗ് (99), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (103) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നില്‍.

 

2005~2008 കാലയളവില്‍ ഓസ്ട്രേലിയ സ്വന്തമാക്കിയ വിജയപരന്പരകളുടെ റെക്കോര്‍ഡ് ഇപ്പോള്‍ ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്. കടുപ്പമുള്ള വിദേശ ടെസ്റ്റുകള്‍ക്കു മുന്‍പ് ടീം ഇന്ത്യയ് ക്കു കിട്ടുന്ന അവസാന ഹോം ടെസ്റ്റാണ് ഇപ്പോള്‍ കളിക്കുന്നത്. 2018~ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നു ടെസ്റ്റുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. 2018ല്‍ത്തന്നെ ഇംഗ്ളണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളും ഓസ്ട്രേലിയയ്ക്കെതിരെ നാലു ടെസ്റ്റുകളും കളിക്കാനുണ്ട്. കോഹ്ലിക്ക് കീഴില്‍ ടീം ഇന്ത്യ റെക്കോര്‍ഡ് നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍.

OTHER SECTIONS