യൂറോപ്പിലെ കേമനാര് റൊണാള്‍ഡോയോ, മെസ്സിയോ?

By Subha Lekshmi B R.24 Aug, 2017

imran-azhar

മൊണാക്കോ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ക്കുള്ള യുവേഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുമൊപ്പം ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണും മത്സരരംഗത്തുണ്ട്. മെസിക്കും റൊണാള്‍ഡോയ്ക്കും രണ്ടു തവണ വീതം യുവേഫ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ ഗ്രൂപ്പ് നിര്‍ണ്ണയ വേദിയില്‍ മൊണാക്കോയിലാണ് യുവേഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

 

റൊണാള്‍ഡോയ്ക്കാണ് സാധ്യതയേറെ. ചാന്പ്യന്‍സ് ലീഗ്, ലാ ലിഗ നേട്ടങ്ങളാണ് റൊണാള്‍ഡോയെ പ്രിയങ്കരനാക്കുന്നത്. 12 ഗോളുകളുമായി ചാന്പ്യന്‍സ് ലീഗിലെ ടോപ്സ്കോററും ക്രിസ്റ്റ്യാനോ ആയിരുന്നു. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണാണ് യുവന്‍റസിനെ തുടര്‍ച്ചയായ ആറാമത്തെ സീരി എ കിരീടമണിയിച്ചത്. 

 

യുവേഫക്ക് കീഴിലുള്ള 80 ടീമുകളിലെ പരിശീലകരും 55 സ്പോര്‍ട്സ് ലേഖകരും ചേര്‍ന്നാണു മൂന്നുപേരുടെ ചുരുക്കപ്പട്ടിക നിര്‍ണയിച്ചത്. തത്സമയ വോട്ടിങിലൂടെയാണു മൂന്നു പേരിലൊരാളെ വിജയിയായി പ്രഖ്യാപിക്കുക. സീസണിലെ മികച്ച വനിതാ താരത്തെയും മികച്ച ഗോളും ഈ ചടങ്ങില്‍ പ്രഖ്യാപിക്കും.