വിടപറച്ചിലല്ല, തിരിച്ചുവരവ്; കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജന്റീനയ്ക്ക്

By sisira.11 07 2021

imran-azhar

 

 


മാരക്കാന: മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ട്, ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം.

 

ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ബ്രസീലിനെതിരേ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു.

 

22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

 

പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

 

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്.

 

ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു.

 

എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

 

നേരത്തെ, സെമിഫൈനലിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലയണൽ സ്കലോനി അർജന്റീന ടീമിനെ ഫൈനലിൽ വിന്യസിച്ചത്.

 

ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് കണ്ട സ്ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് പുറത്തിരുന്നു.

OTHER SECTIONS