ഏഷ്യാകപ്പ്: അഫ്ഗാനെതിരെ ലങ്കക്ക് 4 വിക്കറ്റിന്റെ ജയം

By Shyma Mohan.04 09 2022

imran-azhar

 

ഷാര്‍ജ: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് നാല് വിക്കറ്റ് ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി മറികടന്നു.

 

പതും നിസന്‍ക 35 റണ്‍സും കുശാല്‍ മെന്‍ഡിസ് 36 റണ്‍സും ദനുഷ്‌ക ഗുണതിലക 33 റണ്‍സും ഭാനുക രാജപക്‌സ 31 റണ്‍സും നേടി ലങ്കന്‍ വിജയത്തിന് അടിത്തറ പാകി. വനിന്ദു ഹസരന്‍ഗ ഡിസില്‍വ 9 പന്തില്‍ 16 റണ്‍സ് നേടി പുറത്താകാതെ നിന്നു. 19 പന്തില്‍ 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍.

 

മുജീബൂര്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

നേരത്തെ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 45 പന്തില്‍ ആക്രമണാത്മക ഷോട്ടുകളുമായി 84 റണ്‍സ് നേടിയ റഹ്‌മാനുത്തുള്ള ഗര്‍ബാസാണ് അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് ആറ് സിക്‌സറുകളുടെയും 4 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു റഹ്‌മാനുത്തുള്ളയുടെ ഇന്നിംഗ്‌സ്. ഇബ്രാഹീം സദ്രാനുമൊത്തായിരുന്നു ഉജ്വല ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. സദ്രാന്‍ 38 പന്തില്‍ 40 റണ്‍സ് നേടി. ഹസ്രത്തുള്ള സസായ്(13), നജീബുള്ള സദ്രാന്‍(17), മുഹമ്മദ് നബി(1), റഷീദ് ഖാന്‍(9) റണ്‍സ് നേടി പുറത്തായി.

 

ലങ്കക്കുവേണ്ടി ദില്‍ഷന്‍ മധുഷനാക രണ്ടുവിക്കറ്റ് വീഴ്ത്തി, മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS