ഇന്ത്യക്ക് പരിശീലകരെ തേടി ബി.സി.സി.ഐ

By online desk.17 07 2019

imran-azhar

 

 

മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പരാജയപ്പെട്ട ടീം ഇന്ത്യക്ക് പുതിയ പരിശീലക സംഘത്തെ അന്വേഷിച്ച് ബിസിസിഐ. മുഖ്യപരിശീലകന്‍ ഉള്‍പ്പെടെ ഏഴ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.


ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ നിലിവിലുള്ള പരിശീലക സംഘത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍, പുതിയ പരിശീലകനെ കണ്ടെത്താന്‍ സമയം ആവശ്യമായതിനാല്‍ രവി ശാസ്ത്രിക്കും സംഘത്തിനും കരാര്‍ 45 ദിവസത്തേക്ക് കൂടി ബിസിസിഐ നീട്ടുകയായിരുന്നു. നിലവിലുള്ള പരിശീലക സംഘത്തിന് ഓട്ടോമാറ്റിക്കായി റിക്രൂട്ട്‌മെന്റിലേക്ക് യോഗ്യത ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് രവി ശാത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ അവസാന പരന്പര. അതിനുശേഷം പുതിയ പരിശീലക സംഘത്തിനു കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക.


ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ അനില്‍ കുംബെ്‌ളയ്‌ക്കെതിരേ പ്രക്ഷോഭമുയര്‍ന്നതിനെത്തുടര്‍ന്ന് 2017ലാണ് രവിശാസ്ത്രി മുഖ്യപരിശീലക സ്ഥാനത്ത് എത്തിയത്. 2014 മുതല്‍ 2016വരെ ഇന്ത്യയുടെ ക്രിക്കറ്റ് ഡയറക്ടര്‍ ആയിരുന്നു അന്പത്തേഴുകാരനായ ശാസ്ത്രി. സഞ്ജയ് ബംഗാര്‍ (ബാറ്റിംഗ്), ഭരത് അരുണ്‍ (ബൗളിംഗ്), രാമകൃഷ്ണന്‍ സിദ്ധാര്‍ഥ് (ഫീല്‍ഡിംഗ്) എന്നിവരാണ് പരിശീലക സംഘത്തില്‍ ഉള്ളത്.

 

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി ബിസിസിഐ അറിയിച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 1. മുഖ്യപരിശീലകനായി അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ ചുരുങ്ങിയത് രണ്ട് വര്‍ഷം പരിശീലിപ്പിച്ചിരിക്കണം. അല്ലെങ്കില്‍ എ ടീമിന്റെയോ ഐപിഎല്‍ ടീമിന്റെയോ അസോസിയേറ്റ് മെന്പറായി മൂന്ന് വര്‍ഷ പരിചയം വേണം. 2. അപേക്ഷകന്‍ 30 ടെസ്റ്റും 50 ഏകദിനവും ചുരുങ്ങിയത് കളിച്ചിരിക്കണം. 3. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്ക് 10 ടെസ്റ്റും 25 ഏകദിനവും കളിച്ച പരിചയം മതി, അപേക്ഷകര്‍ക്ക് 60 വയസില്‍ കൂടാന്‍ പാടില്ല.


മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്‌ട്രെംഗ്ത് ആന്‍ഡ് കണ്ടീഷണല്‍ പരിശീലകന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലോകകപ്പ് പരാജയത്തിനു പിന്നാലെ ട്രെയ്‌നര്‍ ശങ്കര്‍ ബസുവും ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടും ടീം വിട്ടിരുന്നു.

 

OTHER SECTIONS