അര്‍ഹതയുണ്ട്, എന്നിട്ടും ജോലിയില്ല; കാഴ്ചയില്ലാത്ത സാലിഹിന്റെ നേട്ടങ്ങള്‍ കാണുന്നില്ലേ!

By Web Desk.23 09 2022

imran-azhar

 


തിരുവനന്തപുരം: ജീവിതമെന്ന കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗത്തിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി പി കെ മുഹമ്മദ് സാലിഹ്. രാജ്യത്തിനായി ചെസില്‍ വെള്ളി മെഡല്‍ നേടിയ കാഴ്ചപരിമിതനായ സാലിഹിനെ സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ തൊഴില്‍ നല്‍കാതെ അവഗണിക്കുകയാണ്.

 

2018 ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പാരാ ഏഷ്യന്‍ ഗെയിംസിലാണ് സാലിഹ് മെഡല്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ജോലിയും ലഭിക്കാറുണ്ട്. എന്നാല്‍, സാലിഹിന് അവഗണന മാത്രം. കാഴ്ചപരിമിതന്‍ എന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നാണ് സാലിഹിന്റെ പരാതി.

 

 

ഏഷ്യന്‍ ഗെയിംസിലെ വിജയത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ സാലിഹിനെ അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ 15 ലക്ഷം രൂപ പാരിതോഷികം സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, പലതവണ ജോലിക്കായി സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സാലിഹിന്റെ ആവശ്യം പരിഗണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയെങ്കിലും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിക്കാനാണ് നിര്‍ദ്ദേശിച്ചത്.

 

ജക്കാര്‍ത്തയില്‍ സാലിഹിനൊപ്പം ടീമിലുണ്ടായിരുന്ന പ്രജുര്യ പ്രധാന് ഒഡിഷ സര്‍ക്കാര്‍ ജോലി നല്‍കി. എന്നിട്ടും തന്നെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതായി സാലിഹ് പറയുന്നു. ഏറ്റവും ഒടുവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികവും സ്‌പോര്‍ട് ക്വോട്ടയില്‍ നിയമനവും നീക്കിവച്ചു. എന്നിട്ടും അര്‍ഹമായ തൊഴിലിനായി സര്‍ക്കാരിനെ പലതവണ സമീപിച്ചിട്ടും അനുകൂല നടപടിയൊന്നും ഉണ്ടായില്ല എന്നാണ് സാലിഹിന്റെ പരാതി.

 

 

കാഴ്ചയുള്ളവര്‍ക്കൊപ്പം മത്സരിച്ച് അന്താരാഷ്ട്ര ഫിഡെ റേറ്റിംഗ് ലഭിച്ച കേരളത്തിലെ ആദ്യ കാഴ്ച പരിമിതനാണ് സാലിഹ്. കേരള ബ്ലൈന്‍ഡ് ചെസ് ടീമിന്റെ ക്യാപ്റ്റനായി. കേരള ബ്ലൈന്‍ഡ് ചെസ് ടൂര്‍ണമെന്റില്‍ മൂന്നു തവണ ഒന്നാം സമ്മാനം നേടി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ തനിയെ സഞ്ചരിച്ച് നിരവധി അന്തര്‍ സംസ്ഥാന ചെസ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് സാലിഹ് വിജയിയായി.

 

ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമബിരുദവും സാലിഹ് നേടി.

 

'സ്‌കൂളില്‍ പഠനകാലം മുതല്‍ തന്നെ ചെസില്‍ ചെസില്‍ താല്‍പര്യമുണ്ട്. എന്നാല്‍, സാമ്പത്തികപരാധീനത മൂലം ചിട്ടയായ പരിശീലനം ലഭിച്ചില്ല. സ്വയം പരിശീലിച്ചും സുഹൃത്തുക്കളോടൊപ്പം കളിച്ചുമാണ് ഞാന്‍ ചെസ് പഠിച്ചെടുത്തത്'- സാലിഹ് പറയുന്നു.

 

 

ജന്മനാ കാഴ്ചപരിമിതനായ സാലിഹ്, ചെസിലെ എതിരാളികളോടൊപ്പം ജീവിത ദുരിതങ്ങളോടും പടപൊരുതിയാണ് നേട്ടത്തിന്റെ പടവുകള്‍ കയറിയത്. ചെസ് മത്സരങ്ങളില്‍ നിന്നു ലഭിക്കുന്ന സമ്മാനത്തുകയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു തടസ്സമായി നില്‍ക്കുന്നു.

 

ഏഷ്യ കപ്പും വേള്‍ഡ് കപ്പ് ഒളിമ്പ്യാഡും ഉള്‍പ്പെടെയുള്ള മത്സരങ്ങളിലെ വിജയമാണ് സാലിഹിന്റെ ഇനിയുള്ള ലക്ഷ്യങ്ങള്‍. അതിനായി അര്‍ഹമായ സര്‍ക്കാര്‍ ജോലിയും മത്സരങ്ങളില്‍ പങ്കെടുക്കാനും പരിശീലനത്തിനും സ്‌പോണ്‍സറും എത്തുമെന്ന പ്രതീക്ഷയിലാണ് സാലിഹ്.

 

 

OTHER SECTIONS