ഇതിഹാസ ഗോള്‍ കീപ്പര്‍ ബഫണ്‍ കണ്ണീരോടെ വിരമിച്ചു

By praveen prasannan.14 Nov, 2017

imran-azhar

മിലാന്‍: ജിയാന്‍ ലൂജി ബഫണ്‍ ഇറ്റാലിയന്‍ ഗോള്‍ വല കാക്കാന്‍ ഇനിയുണ്ടാകില്ല. റഷ്യയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ യോഗ്യത നേടാനാകാതെ ഇറ്റലി പുറത്താകുന്പോള്‍ ഇതിഹാസ താരം ബഫണ്‍ വിരമിക്കുകയാണ്.

പ്ളേ ഓഫ് മല്‍സരത്തില്‍ സ്വീഡനോട് രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാനായിരുന്നെങ്കില്‍ മാത്രമേ ഇറ്റലിക്ക് ലോകകപ്പില്‍ കളിക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

മല്‍സരശേഷം കണ്ണീരോടെയാണ് ബഫണ്‍ വിടപറഞ്ഞത്. ഇറ്റാലിയന്‍ ഫുട്ബാള്‍ ആരാധകരോട് ക്ഷമ ചോദിച്ചു. രാജ്യത്തെ ഫുട്ബാള്‍ ഭാവിസുരക്ഷിതമാണെന്നും ഇത്രയും വര്‍ഷം ഇറ്റലിക്കായി കളിക്കാനായത് ജീവിതത്തിലെ ഭാഗ്യമാണെന്നും വിടവാങ്ങല്‍ സന്ദേശത്തില്‍ ബഫണ്‍ പറഞ്ഞു.

ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങളും ഏറ്റവും കൂടുതല്‍ ലോകകപ്പുകളും കളിച്ച താരമാണ് ബഫണ്‍. യുവന്‍റസില്‍ സഹകളിക്കാരായിരുന്ന ആന്ദ്രേ ബര്‍ഗസ്ഗ്ളിയും റോമ മധ്യനിര താരം ഡാനിയേല ഡെ റോസിയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിട പറഞ്ഞു. ജോര്‍ജിയോ ചെല്ലിയേനിയും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ഇരുപത് വര്‍ഷത്തിനിടെ 175 മല്‍സരങ്ങളില്‍ ബഫണ്‍ രാജ്യത്തിന്‍റെ വല കാത്തു. യുവന്‍റ്സിന് വേണ്ടി 496 മല്‍സരങ്ങള്‍ കളിച്ചു. 2002ലെ ലോകകപ്പില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. 2006ലും 2010ലും 2014ലും ഇറ്റലിക്ക് വേണ്ടി കളിച്ചു.

പ്രോഫഷണല്‍ ഫുട്ബാളില്‍ 1993ലെ ഇറ്റാലിയന്‍ അണ്ടര്‍ 16 ടീമിലൂടെയാണ് ബഫണ്‍ കടന്നുവന്നത്. ദേശീയ ടീമില്‍ 1997ല്‍ എത്തി. ലോകകപ്പ് ടീമില്‍ ആദ്യമായി 1998ലാണ് എത്തിയത്.

 


OTHER SECTIONS