By Anju N P.05 Aug, 2018
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സ്വര്‍ണം ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍
സ്പെയിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് മത്സരം.
ഒളിംപിക് ഫൈനലില്‍ തോല്‍പ്പിച്ച് സ്വര്‍ണം കഴുത്തിലണിഞ്ഞ കരോലിന മാരിനോട് തിരിച്ച് മധുര പ്രതികാരം ചെയ്യാനാകുമോ എന്ന് ഇന്നറിയാം. സെമിയില്‍ ജപ്പാന്റെ അകാനെ യമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം.
ചൈനയുടെ ബിംഗ്ജിയാവോയെ ആണ് മാരിന് സെമിയില്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ഉജ്ജ്വല തിരിച്ച് വരവായിരുന്നു മാരിന്റേത്. എന്നാല്‍ സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ സിന്ധു ക്വാര്‍ട്ടറില്‍ മറി കടന്നിരുന്നു. രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മാരിന്റെ മൂന്നാം ഫൈനലാണിത്.